ഇന്നിംഗ്സിലെ അവസാന മൂന്ന് പന്തില്‍ മൂന്ന് വിക്കറ്റ്, ഹാട്രിക്കുമായി മെഗാന്‍ ഷട്ട്

ചിനെല്ലേ ഹെന്‍റി, കരിഷ്മ രാംഹറാക്, എഫി ഫ്ലെച്ചര്‍ എന്നിവരെ പുറത്താക്കി തന്റെ ഹാട്രിക്ക് നേട്ടം പൂര്‍ത്തിയാക്കി ഓസ്ട്രേലിയയുടെ മെഗാന്‍ ഷട്ട്. അവസാന മൂന്ന് പന്ത് വരെ വിക്കറ്റ് നേടിയില്ലെങ്കിലും കണിശതയോടെയാണ് താരവും മറ്റ് ഓസീസ് ബൗളിംഗ് താരങ്ങളും വിന്‍ഡീസിനെതിരെ പന്തെറിഞ്ഞത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 50 ഓവറില്‍ 180 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.

40 റണ്‍സ് നേടി കൈഷോണ നൈറ്റ് വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍ ആയപ്പോള്‍ ചിനെല്ലേ ഹെന്‍റി 39 റണ്‍സ് നേടി തിളങ്ങി. ഷെനേറ്റ ഗ്രിമ്മോണ്ട് ആണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. 34 റണ്‍സാണ് ഗ്രിമ്മോണ്ട് നേടിയത്. ജെസ്സ് ജോനാസ്സെന്‍, ആഷ്ലൈഗ് ഗാര്‍ഡ്നര്‍, ജോര്‍ജ്ജിയ വെയര്‍ഹാം എന്നിവര്‍ രണ്ട് വീതം വിക്കറ്റ് ഓസ്ട്രേലിയയ്ക്കായി നേടി.

വനിത അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ട് ഹാട്രിക്ക് നേടുന്ന ആദ്യ താരം കൂടിയായി ഇതോടെ മെഗാന്‍ ഷട്ട്. 2018ല്‍ ഇന്ത്യയ്ക്കെതിരെയുള്ള ടി20യിലും താരം ഹാട്രിക്ക് സ്വന്തമാക്കിയിരുന്നു.