മൃദുലയുടെ നാല് വിക്കറ്റിന്റെ ബലത്തില്‍ 8 റണ്‍സ് ജയം പിടിച്ചെടുത്ത് കേരളം

- Advertisement -

വനിത ക്രിക്കറ്റ് അണ്ടര്‍ 23 വണ്‍ ഡേ ലീഗില്‍ ജയവുമായി കേരളം. ഇന്ന് ഗുജറാത്തിനെതിരെ നടന്ന മത്സരത്തില്‍ 50 ഓവറില്‍ നിന്ന് കേരളത്തിനു 9 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സേ നേടാനായിള്ളുവെങ്കിലും ഗുജറാത്തിനെ 146 റണ്‍സില്‍ പിടിച്ച് കെട്ട് കേരളം 8 റണ്‍സിന്റെ വിജയവും 4 പോയിന്റും സ്വന്തമാക്കുകയായിരുന്നു. എട്ട് വിക്കറ്റുകളാണ് ചേസിംഗിനിടെ ഗുജറാത്തിനു നഷ്ടമായത്.

ദൃശ്യ ഐവി നേടിയ 67 റണ്‍സാണ് കേരള ഇന്നിംഗ്സിന്റെ അടിത്തറയായി മാറിയത്. അക്ഷയ 24 റണ്‍സും അന്‍സു സുനില്‍ 26 റണ്‍സും നേടി. ഗുജറാത്തിനായി രേണുക ചൗധരി, താല്‍പാദ, ഹിരാല്‍ബെന്‍ സോളങ്കി എന്നിവര്‍ 2 വീതം വിക്കറ്റ് നേടി.

ടോപ് ഓര്‍ഡര്‍ ഗുജറാത്തിനു മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് കേരളം നടത്തുകയായിരുന്നു. മൃദുല നേടിയ നാല് വിക്കറ്റുകളാണ് ഗുജറാത്തിനെ പ്രതിരോധത്തിലാക്കിയത്. ഒന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ രേണുക ചൗധരിയും-സിമ്രാനും 42 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 91/1 എന്ന ശക്തമായ നിലയില്‍ നിന്നാണ് ഗുജറാത്ത് പിന്നീട് തകരുന്ന കാഴ്ച കണ്ടത്.

31 റണ്‍സ് നേടിയ രേണുകയും ഭാവന ഗോപാലാനി 30 റണ്‍സും നേടിയപ്പോള്‍ സിമ്രാന്‍ 21 റണ്‍സ് നേടി. പിന്നീട് തുടരെ വിക്കറ്റുകള്‍ വീഴ്ത്തി മൃദുല ഗുജറാത്തിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. 50 ഓവറുകള്‍ അവസാനിച്ചപ്പോള്‍ 146/8 എന്ന സ്കോര്‍ മാത്രമേ ഗുജറാത്തിനു നേടാനായുള്ളു.

ഇതിനു മുമ്പുള്ള മത്സരങ്ങളില്‍ കേരളം പഞ്ചാബിനെതിരെ 4 വിക്കറ്റ് ജയവും ഒഡീഷയ്ക്കെതിരെ 61 റണ്‍സ് വിജയവും നേടിയിരുന്നു.

Advertisement