തിരുവനന്തപുരത്ത് മത്സരങ്ങള്‍ നടത്താനാകില്ലെന്ന് അറിയിച്ച് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍

ദക്ഷിണാഫ്രിക്കന്‍ വനിതകളുടെ ഇന്ത്യയിലെ പരിമിത ഓവര്‍ പരമ്പരയ്ക്ക് ബിസിസിഐ വേറെ വേദി നോക്കുന്നു. നേരത്തെ തിരുവനന്തപുരത്താവും മത്സരങ്ങള്‍ നടക്കുക എന്നാണ് പ്രഖ്യാപിച്ചതെങ്കിലും മത്സരം നടത്തുവാന്‍ സാധ്യമാകില്ലെന്ന് ബിസിസിഐയോട് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ അറിയിക്കുകയായിരുന്നു.

ഫെബ്രുവരി 23 മുതല്‍ രണ്ടാഴ്ചക്കാലം സ്പോര്‍ട്സ് ഹബ് ആര്‍മി റിക്രൂട്ട്മെന്റ് റാലിയ്ക്ക് നല്‍കിയതിനാലാണ് ഇവിടെ മത്സരങ്ങള്‍ നടത്തുവാനാകാത്തത്. സ്റ്റേഡിയം ഉടമകളായ ഐഎല്‍&എഫ്എസ് ഗ്രൗണ്ട് റിക്രൂട്ട്മെന്റ് റാലിയ്ക്ക് നല്‍കിയതാണ് ഇപ്പോളത്തെ പ്രശ്നത്തിന് കാരണമെന്നാണ് അറിയുന്നത്.

2027 വരെ സ്റ്റേഡിയം ലീസില്‍ എടുത്തിരിക്കുന്നത് കെസിഎ ആണെങ്കിലും തങ്ങളോട് ആലോചിക്കാതായൊണ് ഈ നടപടിയുമായി ഉടമകള്‍ മുന്നോട്ട് പോകുന്നതെന്ന് കെസിഎ അറിയിച്ചു. റിക്രൂട്ട്മെന്റ് റാലിയ്ക്ക് ശേഷം ഗ്രൗണ്ട് അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് യോഗ്യമായിരിക്കില്ലെന്നാണ് കെസിഎ പറയുന്നത്.

കെസിഎ തങ്ങളുടെ മംഗലപുരത്തെ ഗ്രൗണ്ട് റാലിയ്ക്ക് വിട്ട് നല്‍കുവാന്‍ തയ്യാറാണെന്ന് അറിയിച്ചുവെങ്കിലും അത് അധികാരികള്‍ക്ക് സ്വീകാര്യമായിരുന്നില്ല. മാര്‍ച്ച് ആറിനായിരുന്നു പരമ്പര ആരംഭിക്കുവാനിരുന്നത്. അഞ്ച് ടി20യും മൂന്ന് ഏകദിനങ്ങളുമായിരുന്നു പരമ്പരയിലുള്ളത്.

Exit mobile version