ഓസ്ട്രേലിയന്‍ പരമ്പരയില്‍ നിന്ന് അവധിയെടുത്ത് ന്യൂസിലാണ്ട് കോച്ച്

ഓസ്ട്രേലിയയ്ക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയില്‍ താന്‍ കോച്ചിംഗില്‍ നിന്ന് അവധിയെടുക്കുകയാണെന്ന് അറിയിച്ച് ന്യൂസിലാണ്ട് വനിത മുഖ്യ കോച്ച് ഹെയ്ഡി ടിഫെന്‍. താന്‍ ഉത്തരവാദിത്വം ഏറ്റെടുക്കുവാനുള്ള ശരിയായ മാനസിക നിലയില്‍ അല്ലെന്നും ഈ പരമ്പരയുടെ ചുമതലയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും ടിഫെന്‍ അറിയിക്കുകയായിരുന്നു. ആവശ്യം അംഗീകരിച്ച ന്യൂസിലാണ്ട് ക്രിക്കറ്റ് താല്‍ക്കാലിക കോച്ചായി ബോബ് കാര്‍ട്ടറെ നിശ്ചയിച്ചു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലാണ് ന്യൂസിലാണ്ട് പങ്കെടുക്കുവാനിരിക്കുന്നത്.

ടീമിനു ഏറ്റവും മികച്ചതെന്ന് തോന്നുന്ന കാര്യമാണ് താന്‍ ചെയ്യുന്നതെന്നാണ് ഹെയ്ഡിയുടെ വിഷയത്തിലെ ആദ്യ പ്രതികരണം. ജൂലൈ 31നു കോച്ചായുള്ള ടിഫെനിന്റെ കരാര്‍ അവസാനിക്കുവാന്‍ ഇരിക്കെയാണ് താരത്തിന്റെ ഈ തീരുമാനം. വനിത ടി20 ലോകകപ്പില്‍ മോശം പ്രകടനം പുറത്തെടുത്ത ന്യൂസിലാണ്ട് ടീമിലെ സഹ പരിശീലകര്‍ക്ക് കരാര്‍ പുതുക്കി നല്‍കേണ്ടെന്ന് ബോര്‍ഡ് നേരത്തെ തീരുമാനിച്ചിരുന്നു.

അതുമായി അനുബന്ധപ്പെട്ട കാര്യമാണോ ഇപ്പോള്‍ ഹെയ്ഡിയുടെ തീരുമാനത്തിനു പിന്നിലെന്നും വ്യക്തമല്ല. മൂന്ന് ഏകദിനങ്ങളില്‍ ആദ്യത്തേത് ഫെബ്രുവരി 22നു പെര്‍ത്തിലാണ് നടക്കുക.