ഇംഗ്ലണ്ട് ജൈത്രയാത്ര തുടരുന്നു, ന്യൂസിലാണ്ടിനെയും പരാജയപ്പെടുത്തി

- Advertisement -

ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ വിജയത്തുടര്‍ച്ചയുമായി ഇംഗ്ലണ്ട്. മൂന്ന് ടീമുകളും നാല് മത്സരങ്ങള്‍ വീതം കളിച്ചപ്പോള്‍ മൂന്ന് ജയം സ്വന്തമാക്കി ഇംഗ്ലണ്ടാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. രണ്ടാം സ്ഥാനത്ത് രണ്ട് വിജയവുമായി ന്യൂസിലാണ്ടാണുള്ളത്. ഇന്നലെ ന്യൂസിലാണ്ടിനു രണ്ട് മത്സരങ്ങളാണുണ്ടായിരുന്നത്. അതില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരത്തില്‍ വിജയം നേടാനായതിനാല്‍ ടീം ഫൈനലില്‍ സ്ഥാനം നേടിയിട്ടുണ്ട്. ഞായറാഴ്ചയാണ് ഇംഗ്ലണ്ടും ന്യൂസിലാണ്ടും തമ്മിലുള്ള ഫൈനല്‍ മത്സരം.

ന്യൂസിലാണ്ടിനെ 129 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷമാണ് ഇംഗ്ലണ്ട് 7 വിക്കറ്റിനു മത്സരം നേടിയത്. സോഫി ഡിവൈന്‍ അര്‍ദ്ധ ശതകവുമായി ന്യൂസിലാണ്ട് നിരയില്‍ മികച്ച് നിന്നുവെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ആമി സാത്തെര്‍വൈറ്റ് 37 റണ്‍സ് നേടി.

18.1 ഓവറില്‍ ഇംഗ്ലണ്ട് ന്യൂസിലാണ്ടിനെ ഓള്‍ഔട്ട് ആക്കുകയായിരുന്നു. അന്യ ഷ്രുബ്സോള്‍ മൂന്നും ഡാനിയേല്‍ ഹാസല്‍ രണ്ട് വിക്കറ്റും മത്സരത്തില്‍ നേടിയപ്പോള്‍ കാത്തി ജോര്‍ജ്ജ്, കാത്തറിന്‍ ബ്രണ്ട്, സോഫി എക്സെല്‍സ്റ്റോണ്‍, നത്താലി സ്കിവര്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

15.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നത്. സാറ ടെയിലര്‍ 51 റണ്‍സ് നേടിയപ്പോള്‍ നത്താലി സ്കിവര്‍(39*)-ഹീത്തര്‍ നൈറ്റ്(24*) കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ നേടിയ 27 റണ്‍സിന്റെ ബലത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

നേരത്തെ ആദ്യം നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 8 വിക്കറ്റിനു പരാജയപ്പെടുത്തി ന്യൂസിലാണ്ട് ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു. ഇതോടെ അവസാന മത്സരത്തില്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കുവാന്‍ ടീമിനായി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 148/6 എന്ന സ്കോര്‍ നേടി.

ലഭിച്ച തുടക്കം മികച്ച സ്കോറാക്കി മാറ്റുവാന്‍ കഴിയാതെ പോയതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. ലിസെല്ലേ ലീ(25), ലോറ വോള്‍വാര്‍ഡട്(25), ഡേന്‍ വാന്‍ നീക്കെര്‍‍ക്ക്(25), ച്ലോ ട്രയണ്‍(35) എന്നിവര്‍ക്ക് മികച്ച തുടക്കമാണ് മത്സരത്തില്‍ ലഭിച്ചത്. ന്യൂസിലാണ്ടിനായി അമേലിയ കെര്‍, ഹെയ്‍ലി ജെന്‍സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ടിനു വേണ്ടി ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് നല്‍കിയത്. സൂസീ ബെയ്റ്റ്സ് 62 റണ്‍സ് നേടി പുറത്തായപ്പോള്‍ സോഫി ഡിവൈന്‍ 68 റണ്‍സുമായി പുറത്താകാതെ നിന്നു. 15.2 ഓവറിലാണ് ന്യൂസിലാണ്ട് ലക്ഷ്യം മറികടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement