ഇംഗ്ലണ്ടിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക, പരമ്പരയിലെ ആദ്യ ജയം 6 വിക്കറ്റിനു

ത്രിരാഷ്ട്ര ടി20 സീരീസിലെ മൂന്നാം മത്സരത്തില്‍ ആദ്യ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ വനിതകള്‍. ന്യൂസിലാണ്ടിനോടും ഇംഗ്ലണ്ടിനോടും ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ട ശേഷം ദക്ഷിണാഫ്രിക്കയുടെ ആദ്യ വിജയം. ആറ് വിക്കറ്റിന്റെ വിജയമാണ് മത്സരത്തില്‍ ടീമിനു നേടാനായത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് താമി ബ്യൂമോണ്ടിന്റെ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 20 ഓവറില്‍ 160/5 എന്ന സ്കോര്‍ നേടുകയായിരുന്നു. 59 പന്തില്‍ 71 റണ്‍സ് നേടിയ താമിയ്ക്കൊപ്പം ഇംഗ്ലണ്ട് നായിക ഹീത്തര്‍ നൈറ്റ് 35 റണ്‍സുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഷബിനം ഇസ്മൈല്‍, സിന്റല്‍ മാലി എന്നിവര്‍ രണ്ടും റൈസിബേ ടോസാക്കേ ഒരു വിക്കറ്റും നേടി.

3 പന്ത് ശേഷിക്കെയാണ് 4 വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്കയുടെ വിജയം. ആദ്യ ഓവറില്‍ ലോറ വോള്‍വാര്‍ഡിനെ നഷ്ടമായെങ്കിലും ലിസെല്ലേ ലീ-സൂനേ ലൂസ് കൂട്ടുകെട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 37 പന്തില്‍ 4 ബൗണ്ടറിയും 6 സിക്സും സഹിതം 68 റണ്‍സ് നേടി ലിസെല്ലേ ലീ പുറത്തായെങ്കിലും സൂനേ ലൂസ് 63 റണ്‍സുമായി പുറത്താകാതെ ടീമിന്റെ വിജയം ഉറപ്പാക്കി.

അവസാന ഓവറില്‍ 9 റണ്‍സ് വിജയത്തിനായി വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലൂസ് കാത്തറിന്‍ ബ്രണ്ട് എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകള്‍ ബൗണ്ടറി പറത്തി. സ്കോറുകള്‍ സമനിലയായപ്പോള്‍ മൂന്നാം പന്ത് സിക്സും നേടി ലൂസ് ടീമിന്റെ വിജയം ഉറപ്പാക്കി. ഇംഗ്ലണ്ടിനായി സോഫി എക്സല്‍സ്റ്റോണ്‍, അന്യ ശ്രുബ്സോള്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial