ടി20 ലോകകപ്പിലെ തിരിച്ചടിയ്ക്ക് ശേഷം കോച്ചിംഗ് സ്റ്റാഫിനെ മാറ്റുവാന്‍ ബംഗ്ലാദേശ് ഒരുങ്ങുന്നു

ടി20 ലോകകപ്പിലെ തിരിച്ചടിയ്ക്ക് ശേഷം ബംഗ്ലാദേശ് വനിത ക്രിക്കറ്റ് ടീമിന്റെ കോച്ചിംഗ് സ്റ്റാഫിനെ മാറ്റുവാന്‍ ബോര്‍ഡ് ഒരുങ്ങുന്നതായി വാര്‍ത്ത. ഇത്തവണ ഒരു മത്സരവും പോലും ജയിക്കാതെ ആണ് ടീം പുറത്തായത്. ഇതില്‍ തന്നെ വളരെ ഉയര്‍ന്ന പ്രതീക്ഷ ന്യൂസിലാണ്ടിനും ശ്രീലങ്കയ്ക്കെതിരെയും സൃഷ്ടിച്ചുവെങ്കിലും മത്സരത്തില്‍ ബംഗ്ലാദേശ് കീഴടങ്ങുകയായിരുന്നു.

പരിശീലന മത്സരത്തില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ ടീമിന് ആ പ്രകടനം ഗ്രൂപ്പ് മത്സരങ്ങളില്‍ സൃഷ്ടിക്കാനായില്ല. കോവിഡ് സൃഷ്ടിച്ച അന്തരീക്ഷം മാറിയ ശേഷം ലോകകപ്പ് തോല്‍വിയുടെ അവലോകനം ഉണ്ടാകുമെന്നാണ് ബിസിബി വനിത ചെയര്‍മാന്‍ ഷൈഫുളഅ‍ അലം ചൗധരി വെളിപ്പെടുത്തിയത്.

ഇന്ത്യന്‍ മുന്‍ വനിത താരം അഞ്ജും ജെയിന്‍ ആണ് ബംഗ്ലാദേശിന്റെ കോച്ച്. ജെയിനിന്റെയും സഹ പരിശീലകരുടെയും പ്രകടനത്തില്‍ ബോര്‍ഡ് സംതൃപ്തരല്ലെന്നും ഉടന്‍ അഴിച്ച് പണിയുണ്ടാവുമെന്നാണ് അറിയുന്നത്. റുമാന അഹമ്മദിനെ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക് മാറ്റിയതുള്‍പ്പെടെ ജെയിനിന്റെ പല തീരുമാനങ്ങളും ടീമിന് തിരിച്ചടിയായി എന്നാണ് വിലയിരുത്തപ്പെടുന്നത്.