അവസാന പന്തില്‍ ജയം നേടി ബംഗ്ലാദേശ് വനിതകള്‍

- Advertisement -

അയര്‍ലണ്ടിനെതിരെ ടി20 മത്സരത്തില്‍ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി ബംഗ്ലാദേശ്. ദക്ഷിണാഫ്രിക്കയില്‍ ചെന്ന് തീര്‍ത്തും പരാജയം ഏറ്റുവാങ്ങിയ ശേഷം ഏഷ്യ കപ്പില്‍ ഇന്ത്യയെ രണ്ടുവട്ടം അട്ടിമറിച്ച് കിരീടമുയര്‍ത്തിയതിന്റെ ആത്മവിശ്വാസത്തില്‍ ഇന്നലെ ഡബ്ലിനിലെ വൈഎംസിഎ ക്രിക്കറ്റ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ 4 വിക്കറ്റിന്റെ വിജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് സ്വന്തമാക്കിയ ബംഗ്ലാദേശ് അയര്‍ലണ്ടിനോട് ബാറ്റ് ചെയ്യാനാവശ്യപ്പെടുകയായിരുന്നു. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ടീം 134 റണ്‍സാണ് നേടിയത്. 41 റണ്‍സ് നേടിയ ഇസോബെല്‍ ജോയ്സ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. ലോറ ഡിലാനി(22), ഗാബി ലൂയിസ്(28), കിം ഗാരഥ്(20) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ബംഗ്ലാദേശിനു വേണ്ടി ജഹനാര ആലം അഞ്ച് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് അവസാന പന്തിലാണ് വിജയം നേടിയത്. 6 വിക്കറ്റുകള്‍ നഷ്ടമായ ടീമിനു വേണ്ടി നിഗര്‍ സുല്‍ത്താന 46 റണ്‍സ് നേടി. പുറത്താകാതെ 26 റണ്‍സ് നേടിയ ഫഹിമ ഖത്തുന്‍ ആണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. അയഷ റഹ്മാന്‍ 24 റണ്‍സ് നേടി. അയര്‍ലണ്ടിനു വേണ്ടി ഗാബി ലൂയിസ്, എല്‍മീര്‍ റിച്ചാര്‍ഡ്സണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement