21 നോട്ട് ഔട്ട്, ലോക റെക്കോര്‍ഡിനൊപ്പമെത്തി ഓസ്ട്രേലിയ

Australia Women
- Advertisement -

തുടര്‍ച്ചയായി 21 ഏകദിന വിജയങ്ങളെന്ന ലോക റെക്കോര്‍ഡിനൊപ്പമെത്തി ഓസ്ട്രേലിയന്‍ വനിത ടീം. ഇന്ന് ന്യൂസിലാണ്ടിനെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ 232 റണ്‍സിന്റെ കൂറ്റന്‍ വിജയം നേടിയാണ് ഓസ്ട്രേലിയ ഈ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. 2003ല്‍ റിക്കി പോണ്ടിംഗിന്റെ കീഴില്‍ പുരുഷ ടീം നേടിയ 21 വിജയത്തിന്റെ അപരാജിത കുതിപ്പിനൊപ്പമാണ് ഓസ്ട്രേലിയന്‍ വനിതകള്‍ ഇപ്പോളെത്തിയത്.

നിലവില്‍ ലോക ടി20 ചാമ്പ്യന്മാര്‍ കൂടിയാണ് ഓസ്ട്രേലിയന്‍ വനിത ടീം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 325/5 എന്ന പടുകൂറ്റന്‍ സ്കോറാണ് ഇന്ന് നേടിയത്. 96 റണ്‍സ് നേടിയ റേച്ചല്‍ ഹെയ്ന്‍സിനൊപ്പം അലൈസ ഹീലി(87), അന്നബെല്‍ സത്തര്‍ലാണ്ട്(35), ആഷ്ലൈ ഗാര്‍ഡ്നര്‍(34), ബെത്ത് മൂണി(29*), താഹ്‍ലിയ മക്ഗ്രാത്ത്(29*) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഈ സ്കോര്‍ ഓസ്ട്രേലിയ നേടിയത്.

27 ഓവറില്‍ വെറും 93 റണ്‍സിനാണ് ഓസ്ട്രേലിയ ന്യൂസിലാണ്ടിനെ എറിഞ്ഞ് വീഴ്ത്തിയത്. 41 റണ്‍സുമായി ആമി സാത്തെര്‍ത്ത്‍വൈറ്റാണ് ടീമിന്റെ ടോപ് സ്കോറര്‍. മാഡി ഗ്രീന്‍ 22 റണ്‍സ് നേടി. ഓസ്ട്രേലിയയ്ക്കായി മെഗാന്‍ ഷൂട്ട്, ജെസ്സ് ജോന്നാസെന്‍, ആഷ്‍ലൈ ഗാര്‍ഡ്നര്‍, സോഫി മോളിനെക്സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. അന്നബെല്‍ സത്തര്‍ലാണ്ടും ജോര്‍ജ്ജിയ വെയര്‍ഹാമും ഓരോ വിക്കറ്റ് വീതം നേടി.

Advertisement