5 വിക്കറ്റ് നേട്ടവുമായി നിദ ദാര്‍, ശ്രീലങ്കയെ വീഴ്ത്തി പാക്കിസ്ഥാന്‍

- Advertisement -

ബംഗ്ലാദേശിനോടേറ്റ അപ്രതീക്ഷിത തോല്‍വിയ്ക്ക് ശേഷം വീണ്ടും വിജയ വഴിയിലേക്ക്. തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ക്ക് ശേഷം ശ്രീലങ്കയെ തങ്ങളുടെ ആദ്യ തോല്‍വിയിലേക്ക് പാക്കിസ്ഥാന്‍ തള്ളിയിടുകയായിരുന്നു. 23 റണ്‍സിന്റെ വിജയമാണ് പാക് വനിതകള്‍ ഇന്ന് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് നേടിയപ്പോള്‍ ലങ്കയ്ക്ക് 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 113 റണ്‍സ് മാത്രമേ നേടാനായുള്ളു.

ബിസ്മ മഹ്റൂഫ് പുറത്താകാതെ നേടിയ 60 റണ്‍സിന്റെയും നാഹിദ ഖാന്റെ 38 റണ്‍സിന്റെയും ബലത്തിലാണ് പാക്കിസ്ഥാന്‍ 136 റണ്‍സ് നേടിയത്. ബിസ്മ 41 പന്തില്‍ നിന്നാണ് 60 റണ്‍സ് നേടിയത്. ശ്രീലങ്കയ്ക്കായി സുഗന്ധിക കുമാരി രണ്ട് വിക്കറ്റും ഒഷാഡി രണസിംഗേയും ഇനോക രണവീരയും ഓരോ വിക്കറ്റ് വീതം നേടി.

5 വിക്കറ്റ് നേട്ടവുമായി നിദ ദാര്‍ ആണ് പാക്കിസ്ഥാന്‍ ബൗളിംഗ് നിരയില്‍ തിളങ്ങിയത്. ഓപ്പണര്‍മാര്‍ നല്‍കിയ 48 റണ്‍സ് തുടക്കത്തിനു ശേഷം ഇരുവരെയും പുറത്താക്കി നിദ ദാര്‍ പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. യശോദ മെന്‍ഡിസ് 25 റണ്‍സും നിപുനി ഹന്‍സിക 24 റണ്‍സും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement