
ഏഷ്യ കപ്പ് ടി20 ഫൈനലില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ വെള്ളംകുടിപ്പിച്ച് ബംഗ്ലാദേശ്. തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ 100 റണ്‍സ് കടക്കുവാന്‍ സഹായിച്ചത് ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗറിന്റെ ബാറ്റിംഗാണ്. അര്‍ദ്ധ ശതകം നേടിയ ഹര്‍മ്മന്‍പ്രീത് കൗറും എട്ടാം വിക്കറ്റില്‍ ഒത്തുകൂടിയ ജൂലന്‍ ഗോസ്വാമിയും ചേര്‍ന്നാണ് നിര്‍ണ്ണായകമായ 33 റണ്‍സ് നേടിയത്.
32/4 എന്ന നിലയില്‍ നിന്ന് വേദ കൃഷ്ണമൂര്‍ത്തിയ്ക്കൊപ്പം 30 റണ്‍സ് അഞ്ചാം വിക്കറ്റില്‍ ഹര്‍മ്മന്‍പ്രീത് നേടിയെങ്കിലും വേദ പുറത്തായ ശേഷം വിക്കറ്റുകള്‍ വീണ്ടും വീണത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
8ാം വിക്കറ്റില്‍ ജൂലന്‍ ഗോസ്വാമിയുമായി ചേര്‍ന്ന് നേടിയ 33 റണ്‍സാണ് ഇന്ത്യയുടെ സ്കോര്‍ 100 കടത്തിയത്. ഹര്‍മ്മന്‍പ്രീത് 56 റണ്‍സ് നേടിയപ്പോള്‍ ഗോസ്വാമി 10 റണ്‍സ് നേടി റണ്ണൗട്ടായി. 20 ഓവറില്‍ ഇന്ത്യ 9വിക്കറ്റുകളുടെ നഷ്ടത്തില്‍ 112 റണ്‍സാണ് നേടിയത്. ഇന്നിംഗ്സിലെ അവസാന പന്തിലാണ് കൗര്‍ പുറത്തായത്.
ബംഗ്ലാദേശിനു വേണ്ടി റുമാന അഹമ്മദ്, ഖദീജ തുല് കുബ്ര എന്നിവര്‍ രണ്ടും സല്‍മ ഖാത്തുന്‍, ജഹനാര അലം എന്നിവര്‍ ഓരോ വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial