
തായ്ലാന്ഡിനെതിരെ 9 വിക്കറ്റ് വിജയവുമായി ബംഗ്ലാദേശ് ഏഷ്യ കപ്പ് ടി20യിലെ തങ്ങളുടെ വിജയക്കുതിപ്പ് തുടരുന്നു. ഇന്ത്യയെ ഏഷ്യ കപ്പിലെ ആദ്യ പരാജയത്തിലേക്ക് തള്ളിയിട്ട ശേഷം ഇന്ന് തായ്ലാന്ഡിനെതിരെ 9 വിക്കറ്റിന്റെ ആധികാരിക ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില്‍ തായ്ലാന്ഡിനെ 8 വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സില്‍ പിടിച്ചുകെട്ടാനായ ബംഗ്ലാദേശ് ലക്ഷ്യം 11.1 ഓവറില്‍ മറികടന്നു.
സല്‍മ ഖാത്തുന്‍, നാഹിദ അക്തര്‍ എന്നിവര്‍ ബംഗ്ലാദേശിനായി ബൗളിംഗില്‍ രണ്ട് വിക്കറ്റ് നേടി. ഓരോ വിക്കറ്റുമായി ജഹനാര അലം, ഫഹിമ ഖാത്തുന്‍, ഖദീജ തുല് കുബ്ര, റുമാന അഹമ്മദ് എന്നിവരം വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. നാരമോള് ചായിവായി(15), സോര്‍നാരിന്‍ ടിപ്പോച്ച്(13*), സിരിന്തര സായിംഗ്സാകോരാട്(14) എന്നിവരാണ് തായ്ലാന്ഡിനായി രണ്ടക്കം കടന്നത്.
മൂന്നാം ഓവറില്‍ ഷമീമ സുല്‍ത്താനയെ(8) നഷ്ടമായെങ്കിലും അയഷ റഹ്മാന്, നിഗാര്‍ സുല്‍ത്താന എന്നിവര്‍ ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും 25 റണ്‍സുമായി വിജയ സമയത്ത് ക്രീസില്‍ നിലയുറപ്പിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial