Site icon Fanport

അയര്‍ലണ്ടിന്റെ വലിയ ലക്ഷ്യം മറികടന്ന് വിന്‍ഡീസ്, സുനില്‍ ആംബ്രിസിനു ശതകം

ത്രിരാഷ്ട്ര പരമ്പരയിലെ നാലാം മത്സരത്തില്‍ ആവേശപ്പോരാട്ടത്തിനൊടുവില്‍ ജയം കരസ്ഥമാക്കി വിന്‍ഡീസ്. ആതിഥേയരായ അയര്‍ലണ്ട് ആദ്യം ബാറ്റ് ചെയ്ത് 327/5 എന്ന സ്കോര്‍ നേടിയപ്പോള്‍ സുനില്‍ ആംബ്രിസിന്റെ ബാറ്റിംഗ് മികവില്‍ വിന്‍ഡീസ് 47.5 ഓവറില്‍ ലക്ഷ്യം മറികടന്ന് അഞ്ച് വിക്കറ്റ് വിജയം നേടുകയായിരുന്നു.

ആന്‍ഡ്രൂ ബാല്‍ബിര്‍ണേയുടെ തകര്‍പ്പന്‍ ശതകത്തിനൊപ്പം(135) പോള്‍ സ്റ്റിര്‍ലിംഗ്(77), കെവിന്‍ ഒബ്രൈന്‍(63) എന്നിവര്‍ തിളങ്ങിയപ്പോള്‍ 327 റണ്‍സാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അയര്‍ലണ്ട് നേടിയത്. ഷാനണ്‍ ഗബ്രിയേല്‍ വിന്‍ഡീസിനായി രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനു തുണയായത് സുനില്‍ ആംബ്രിസിന്റെ ശതകമാണ്. താരം 148 റണ്‍സ് നേടി പുറത്തായപ്പോള്‍ റോഷ്ടണ്‍ ചേസ്(46), ജോനാഥന്‍ കാര്‍ട്ടര്‍(43*), ജേസണ്‍ ഹോള്‍ഡര്‍(36), ഷായി ഹോപ്(30) എന്നിവരും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു. 40 ഓവറില്‍ സുനില്‍ ആംബ്രിസ് പുറത്താകുമ്പോള്‍ വിന്‍ഡീസ് 252 റണ്‍സാണ് നേടിയിരുന്നത്.

പിന്നീട് ഹോള്‍ഡറും ജോനാഥന്‍ കാര്‍ട്ടറും ചേര്‍ന്ന് അതിവേഗത്തില്‍ നേടിയ 75 റണ്‍സാണ് ലക്ഷ്യത്തിനു തൊട്ടരികെ വിന്‍ഡീസിനെ എത്തിച്ചത്. വെറും 27 പന്തില്‍ നിന്നാണ് കാര്‍ട്ടര്‍ 43 റണ്‍സുമായി പുറത്താകാതെ നിന്നത്. ജേസണ്‍ ഹോള്‍ഡര്‍ 24 പന്തില്‍ നിന്ന് 36 റണ്‍സ് നേടി പുറത്തായി. ബോയഡ് റാങ്കിന്‍ അയര്‍ലണ്ടിനായി മൂന്ന് വിക്കറ്റ് നേടി.

Exit mobile version