ലോക ഇലവനെ എറിഞ്ഞിട്ട് വിന്‍ഡീസ് ബൗളര്‍മാര്‍

200 റണ്‍സ് വിജയലക്ഷ്യം ചേസ് ചെയ്തിറങ്ങിയ ലോക ഇലവനെ എറിഞ്ഞിട്ട് വിന്‍ഡീസ് ബൗളര്‍മാര്‍. ലോക ഇലവന്‍ 16.4 ഓവറില്‍ ഓള്‍ഔട്ട് ആയപ്പോള്‍ 72 റണ്‍സിന്റെ ആധികാരിക ജയമാണ് വിന്‍ഡീസ് മത്സരത്തില്‍ നേടിയത്. തിസാര പെരേര മാത്രമാണ് ലോക ഇലവന്‍ ബാറ്റ്സ്മാന്മാരില്‍ തിളങ്ങിയത്. 127 റണ്‍സാണ് ലോക ഇലവന്‍ നേടിയത്.

സാമുവല്‍ ബദ്രിയും ആന്‍ഡ്രേ റസലും പവര്‍ പ്ലേയില്‍ തന്നെ മത്സരത്തില്‍ പിടിമുറുക്കിയപ്പോള്‍ ലോക ഇലവന്‍ 8/4 എന്ന നിലയിലേക്ക് തകരുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ തിസാര പെരേര-ഷൊയ്ബ് മാലിക് കൂട്ടുകെട്ടാണ് ലോക ഇലവന്റെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. 37 റണ്‍സ് കൂട്ടുകെട്ടിനെ തകര്‍ത്തത് കാര്‍ലോസ് ബ്രാത്‍വൈറ്റായിരുന്നു. 12 റണ്‍സ് നേടിയ ഷൊയ്ബ് മാലികിനെ വിക്കറ്റിനു മുന്നില്‍ ബ്രാത്‍വൈറ്റ് കുടുക്കി.

തിസാര പെരേര 28 പന്തില്‍ തന്റെ അര്‍ദ്ധ പൂര്‍ത്തിയാക്കി. 37 പന്തുകളില്‍ നിന്ന് 61 റണ്‍സ് നേടിയ തിസാര പെരേരയെയും റഷീദ് ഖാനെയും കെസ്രിക് വില്യംസ് പുറത്താക്കിയതോടെ ലോക ഇലവന്റെ തകര്‍ച്ച പൂര്‍ണ്ണമായി.

കെസ്രിക് വില്യംസ് മൂന്ന് വിക്കറ്റ് നേടി വിന്‍ഡീസ് നിരയില്‍ തിളങ്ങി. സാമുവല്‍ ബദ്രി, ആന്‍ഡ്രേ റസ്സല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും കീമോ പോള്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial