
ലോക ഇലവനെതിരെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനു മികച്ച സ്കോര്‍. എവിന്‍ ലൂയിസിന്റെ വെടിക്കെട്ട് തുടക്കത്തിനു ശേഷം മര്‍ലന്‍ സാമുവല്‍സും ദിനേശ് രാംദിനും ടീമിനായി തിളങ്ങിയപ്പോള്‍ 20 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ വിന്‍ഡീസ് 199 റണ്‍സ് നേടുകയായിരുന്നു. റഷീദ് ഖാന് രണ്ടും ഷാഹിദ് അഫ്രീദിയും ഷൊയ്ബ് മാലിക്കും ഒാരോ വിക്കറ്റ് ലോക ഇലവനു വേണ്ടി നേടി.
ഒന്നാം വിക്കറ്റില്‍ 7.5 ഓവറില്‍ 75 റണ്‍സ് നേടിയ വിന്‍ഡീസിനു വേണ്ടി സ്കോറിംഗ് ഭൂരിഭാഗവും നടത്തിയത് എവിന്‍ ലൂയിസ് ആയിരുന്നു. 26 പന്തില്‍ 5 വീതം സിക്സും ബൗണ്ടറിയും നേടി ലൂയിസ് 58 റണ്‍സാണ് നേടിയത്. ലൂയിസിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി റഷീദ് ഖാനാണ് മത്സരത്തിലെ ആദ്യ വിക്കറ്റ് നേടിയത്. ഏതാനും ഓവറുകള്‍ക്ക് ശേഷം 18 റണ്‍സ് നേടിയ ക്രിസ് ഗെയിലിനെ ഷൊയ്ബ് മാലിക് പുറത്താക്കി.
ആന്‍ഡ്രേ ഫ്ലെച്ചറെ നായകന് അഫ്രീദി പുറത്താക്കിയപ്പോള്‍ 75/0 എന്ന നിലയില്‍ നിന്ന് 100/3 എന്ന നിലയിലേക്ക് വീന്‍ഡീസ് കൂപ്പുകുത്തി. നാലാം വിക്കറ്റില്‍ 22 പന്തില്‍ 4 സിക്സും 2 ബൗണ്ടറിയും സഹിതം 43 റണ്‍സ് നേടിയ മര്‍ലന്‍ സാമുവല്‍സ് ആണ് വീണ്ടും വിന്‍ഡീസിനെ ട്രാക്കിലാക്കിയത്.
മത്സരത്തിന്റെ 19ാം ഓവര്‍ എറിയാനെത്തിയ റഷീദ് ഖാനെ മൂന്ന് സിക്സും ഒരു ബൗണ്ടറിയും നേടി ആന്‍ഡ്രേ റസ്സല്‍ തന്റെ പതിവു ശൈലി പുറത്തെടുത്തു. റസ്സല്‍ 10 പന്തില്‍ 21 റണ്‍സ് നേടിയപ്പോള്‍ രാംദിന് 25 പന്തില്‍ 44 റണ്‍സ് നേടി. ഇരുവരും ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ പുറത്താകാതെ നില്‍ക്കുകയായിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial