16ാം ശതകം നേടി വില്യംസണ്‍ , ലീഡ് തിരിച്ചുപിടിച്ച് ദക്ഷിണാഫ്രിക്ക

- Advertisement -

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒന്നാം ടെസ്റ്റില്‍ ന്യൂസിലാണ്ടിനു ആദ്യ ഇന്നിംഗ്സില്‍ നേരിയ ലീഡ്. കെയിന്‍ വില്യംസണിന്റെ ശതകം, ബിജെ വാട്‍ളിംഗിന്റെ അര്‍ദ്ധ ശതകം എന്നിവയ്ക്ക് പുറമേ നീല്‍ വാഗ്നറിന്റെ ചെറുത്ത് നില്പും കൂടി ചേര്‍ന്നാണ് ന്യൂസിലാണ്ടിനു 33 റണ്‍സ് ആദ്യ ഇന്നിംഗ്സ് ലീഡ് നല്‍കിയത്. മൂന്നാം ദിവസം മത്സരം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സ് നേടിയിട്ടുണ്ട്. 5 റണ്‍സിന്റെ ലീഡ് ഇപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പക്കലാണ്.

177/3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ടിനു രണ്ട് വിക്കറ്റുകള്‍ അടുത്തതടുത്ത് നഷ്ടമായി. ജീതന്‍ പട്ടേല്‍(16), ജെയിംസ് നീഷം(7) എന്നിവര്‍ പവലിയനിലേക്ക് മടങ്ങിയപ്പോള്‍ ന്യൂസിലാണ്ട് 193/5 എന്ന നിലയിലായിരുന്നു. വില്യംസണു കൂട്ടായെത്തിയ വാട്ളിംഗ് മികച്ച രീതിയില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ നേരിട്ടപ്പോള്‍ ആറാം വിക്കറ്റില്‍ 84 റണ്‍സ് ഇരുവരും ചേര്‍ന്ന് നേടുകയായിരുന്നു. ഇതിനിടെ തന്റെ 16ാം ശതകം വില്യംസണ്‍ പൂര്‍ത്തിയാക്കി. മാര്‍ട്ടിന്‍ ക്രോയുടെ സര്‍വ്വകാല ന്യൂസിലാണ്ട് റെക്കോര്‍ഡ് മറികടക്കാന്‍ രണ്ട് ശതകങ്ങളാണ് വില്യംസണു വേണ്ടത്. വില്യംസണെ(130) റബാഡ പുറത്താക്കിയപ്പോള്‍ വാള്ടിംഗിന്റെ(50) വിക്കറ്റ് കേശവ് മഹാരാജ് സ്വന്തമാക്കി. ലീഡ് ദക്ഷിണാഫ്രിക്ക നേടുമെന്ന് സ്ഥിതിയിലാണ് വാലറ്റക്കാരെ കൂട്ടുപിടിച്ച് നീല്‍ വാഗ്നര്‍ നേടിയ 32 റണ്‍സ് ന്യൂസിലാണ്ടിനു തുണയായി എത്തിയത്. അവസാന വിക്കറ്റായി വാഗ്നര്‍ പുറത്തായപ്പോള്‍ 114.3 ഓവറില്‍ 341 റണ്‍സ് നേടിയിരുന്നു ന്യൂസിലാണ്ട്. പരിക്കേറ്റ് പുറത്ത് പോയ റോസ് ടെയ്‍ലര്‍ തിരിച്ചെത്തി 15 റണ്‍സുമായി പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് 5 വിക്കറ്റും മോണി മോര്‍ക്കല്‍, വെറോണ്‍ ഫിലാന്‍ഡര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. കാഗിസോ റബാഡയ്ക്കാണ് ശേഷിച്ച ഒരു വിക്കറ്റ് ലഭിച്ചത്.

ആദ്യ ഓവറില്‍ അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് തന്നെ സ്റ്റീഫന്‍ കുക്കിനെ മടക്കിയയ്ച്ചാണ് ട്രെന്റ് ബൗള്‍ട്ട് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിനെ വരവേറ്റത്. എന്നാല്‍ ശേഷിക്കുന്ന ഓവറുകള്‍ കൂടുതല്‍ നഷ്ടമൊന്നുമുണ്ടാക്കാതെ അവസാനിപ്പിക്കുവാന്‍ ഹാഷിം അംല(23*) ഡീന്‍ എല്‍ഗാര്‍(12*) എന്നിവര്‍ക്കായി.

Advertisement