റോസ് ടെയ്‍ലര്‍ റിട്ടേര്‍ഡ് ഹര്‍ട്ട്, ന്യൂസിലാണ്ട് പൊരുതുന്നു

- Advertisement -

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ന്യൂസിലാണ്ട് പൊരുതുന്നു. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ട് 177/3 എന്ന നിലയിലാണ്. കെയിന്‍ വില്യംസണ്‍(78*), ജീതന്‍ പട്ടേല്‍(9*) എന്നിവരാണ് ക്രീസില്‍. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 308 റണ്‍സില്‍ അവസാനിച്ചിരുന്നു.

229/4 എന്ന നിലയില്‍ രണ്ടാം ദിവസം പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 79 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനടയില്‍ ശേഷിക്കുന്ന വിക്കറ്റുകളെല്ലാം നഷ്ടമായി. 104 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് അവസാനിച്ചത് ഡീന്‍ എല്‍ഗാര്‍ (140) പുറത്തായതോടു കൂടിയാണ്. ടെംബ ബാവുമ 64 റണ്‍സ് നേടി. ന്യൂസിലാണ്ടിനു വേണ്ടി ട്രെന്റ് ബൗള്‍ട്ട് നാലും നീല്‍ വാഗ്നര്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. ജീത്തന്‍ പട്ടേല്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ശേഷിച്ച ഒരു വിക്കറ്റ് ജെയിംസ് നീഷമാണ് നേടിയത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാണ്ടിനു തുടക്കത്തില്‍ തന്നെ ടോം ലാഥത്തിനെ നഷ്ടമായി. പിന്നീട് ജീത്ത് റാവല്‍(52) -വില്യംസണ്‍ കൂട്ടുകെട്ടാണ് അവരെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. 102 റണ്‍സ് കൂട്ടുകെട്ടിനു ഒടുവില്‍ ജീത്തിന്റെ ഇന്നിംഗ്സ് കേശവ് മഹാരാജ് അവസാനിപ്പിച്ചപ്പോള്‍ റോസ് ടെയ്‍ലര്‍ പരിക്കേറ്റ് മടങ്ങിയത് ന്യൂസിലാണ്ടിനു തിരിച്ചടിയായി. കേശവ് മഹാരാജ് ഹെന്‍റി നികോളസിനെയും(12) പുറത്താക്കിയപ്പോള്‍ ന്യൂസിലാണ്ടിന്റെ സ്ഥിതി പരുങ്ങലിലാകുകയായിരുന്നു.

Advertisement