എന്റെ പിതാവിന്റെ സ്വപ്നങ്ങള്‍ സഫലീകരിക്കുക ഇനി തന്റെ ലക്ഷ്യം – മുഹമ്മദ് സിറാജ്

ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി ഭേദപ്പെട്ട പ്രകടനമാണ് മുഹമ്മദ് സിറാജ് നടത്തിയത്. ആ പ്രകടനത്തിന്റെ ബലത്തില്‍ താരം ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കുകയും ചെയ്തു. ഓസ്ട്രേലിയയില്‍ എത്തിയ താരത്തിനെ ടെസ്റ്റ് ടീമിലേക്കും ഉള്‍പ്പെടുത്തിയെങ്കിലും താരത്തിന്റെ പിതാവിന്റെ മരണ വാര്‍ത്തയാണ് പിന്നാലെ എത്തിയത്.

താരത്തിന് നാട്ടിലേക്ക് മടങ്ങുവാനുള്ള അവസരം ബിസിസിഐ നല്‍കിയെങ്കിലും അത് വേണ്ടെന്ന് വെച്ച് താരം ടീമിനൊപ്പം തുടരുകയായിരുന്നു. ഓസ്ട്രേലിയന്‍ ക്വാറന്റൈന്‍ നിയമ പ്രകാരം താരത്തിന് ഉടനെ നാട്ടിലേക്ക് മടങ്ങുവാനും സാധിക്കില്ലായിരുന്നു. അതിനാല്‍ തന്നെ താരം ടീമിനൊപ്പം തുടരുകയായിരുന്നു.

താന്‍ തന്റെ അമ്മയോട് സംസാരിച്ചുവെന്നും അമ്മയും തന്നോട് ടീമിനൊപ്പം നില്‍ക്കുവാനാണ് ആവശ്യപ്പെട്ടത്. ടീമിനൊപ്പം നിന്ന് തന്റെ പിതാവിന്റെ ആഗ്രഹങ്ങളും സ്വപ്നനങ്ങളും സഫലമാക്കുവാനാണ് തന്റെ അമ്മ ആവശ്യപ്പെട്ടതെന്ന് താരം വ്യക്തമാക്കി.

തന്നെ ഏറ്റവും അധികം പിന്തുണച്ച വ്യക്തിയായിരുന്നു തന്റെ പിതാവ്. അതിനാല്‍ തന്നെ വളരെ വലിയ നഷ്ടമാണ് തനിക്കിത് എന്നും സിറാജ് കൂട്ടിചേര്‍ത്തു. തന്റെ ടീമംഗങ്ങളെല്ലാം തന്നെ തന്നെ വേണ്ട വിധം പിന്തുണയ്ക്കുകയും ചെയ്തപ്പോള്‍ തനിക്ക് വലിയ ആശ്വാസം ഉണ്ടായെന്നും സിറാജ് പറഞ്ഞു.

നവംബര്‍ 27നാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനം. മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്ക് ശേഷം മൂന്ന് ടി20 മത്സരങ്ങള്‍ കളിച്ച ശേഷം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഡിസംബര്‍ 17ന് ആരംഭിക്കും.

Exit mobile version