വെസ്റ്റിന്‍ഡീസ് വനിതകള്‍ക്കിനി പുതിയ കോച്ചിംഗ് സ്റ്റാഫ്

തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങി വനിത ലോകകപ്പില്‍ മോശം പ്രകടനം പുറത്തെടുത്ത വെസ്റ്റിന്‍ഡീസിനു ഇനി പുതിയ കോച്ചിംഗ് സ്റ്റാഫ്. അടുത്ത വര്‍ഷത്തെ വനിത ടി20 ലോകകപ്പില്‍ തങ്ങളുടെ കിരീടം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ മുഖം മിനുക്കല്‍. അടുത്ത മാസം നാട്ടില്‍ നടക്കാനിരിക്കുന്ന ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പരയ്ക്ക് മുമ്പ് പുതിയ കോച്ചിംഗ്, മാനേജ്മെന്റ് സ്റ്റാഫിനെ ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് നിയമിക്കും.

നിലവിലെ കോച്ച് വാസ്ബര്‍ട് ഡ്രേക്സിനെയും അസിസ്റ്റന്റുമാരെയും പുറത്താക്കിക്കൊണ്ടുള്ള തീരുമാനം പുറപ്പെടുവിച്ച ശേഷമാണ് ബോര്‍ഡ് പുതിയ നിയമനങ്ങളുടന്‍ ഉണ്ടാകുമെന്ന് അറിയിച്ചത്. മുന്‍ വെസ്റ്റിന്‍ഡീസ് എ കോച്ച് ഹെന്‍ഡേര്‍സണ്‍ സ്പ്രിംഗര്‍, ഗസ് ലോഗീ എന്നിവരാകും പുതിയ സ്റ്റാഫുകളെ നിയമിക്കുന്നത് വരെ ടീമിന്റെ താല്‍ക്കാലിക ചുമതലകള്‍ വഹിക്കുക. സ്പ്രിംഗര്‍ ഹെഡ് കോച്ചായും, ലോഗീ അസിസ്റ്റന്റ് കോച്ചായുമാവും ചുമതല വഹിക്കുക.

ശ്രീലങ്കയ്ക്കെതിരെയുള്ള 13 അംഗ ടീം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി 18 അംഗങ്ങളടങ്ങുന്ന ഒരു ക്യാമ്പ് ഈ മാസാവസാനം ബോര്‍ഡ് നടത്തുന്നതായിരിക്കുമെന്നും പ്രതിനിധികള്‍ അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial