ത്രിരാഷ്ട്ര പരമ്പര: വെസ്റ്റിന്‍ഡീസിനു വിജയത്തുടക്കം

- Advertisement -

ബൗളിംഗ് മികവില്‍ ശ്രീലങ്കയെ 62 റണ്‍സിനു പരാജയപ്പെടുത്തി വെസ്റ്റിന്‍ഡീസിനു വിജയത്തുടക്കം. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ഉപുല്‍ തരംഗ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 2015 ലോകകപ്പിനു ശേഷം രാജ്യത്തിനു പുറത്ത് വെസ്റ്റിന്‍ഡീസ് നേടുന്ന ആദ്യ ഏകദിന വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 227നു ഓള്‍ഔട്ടായപ്പോള്‍ ശ്രീലങ്കയെ 165 റണ്‍സിനു എറിഞ്ഞിടുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റിന്‍ഡീസ് മികച്ചൊരു ടോട്ടല്‍ പടുത്തുയര്‍ത്തുന്നത് പരാജയപ്പെട്ടുവെങ്കിലും ബൗളര്‍മാരുടെ മികവില്‍ വിജയം നേടുകയായിരുന്നു. 27/2 എന്ന നിലയില്‍ നിന്ന് മധ്യനിരയാണ് വിന്‍ഡീസിനെ 200 കടക്കാന്‍ സഹായിച്ചത്. ഷായി ഹോപ്(47), ജോനാഥന്‍ കാര്‍ട്ടര്‍(54) എന്നിവരോടൊപ്പം 29 പന്തില്‍ 44 റണ്‍സെടുത്ത റോവ്മന്‍ പവല്‍ ആണ് റണ്‍ വേട്ട ദുഷ്കരമാക്കിയ ശ്രീലങ്കന്‍ ബൗളര്‍മാരെ ചെറുത്ത് നിര്‍ത്തിയത്. 227നു ഓള്‍ഔട്ട് ആയ വിന്‍ഡീസ് വിക്കറ്റുകള്‍ നുവാന്‍ കുലശേഖര, സുരംഗ ലക്മല്‍, നുവാന്‍ പ്രദീപ്(ഓരോരുത്തരും രണ്ട് വിക്കറ്റ് വീതം) പങ്കുവയ്ക്കുകയായിരുന്നു. സചിത് പതിരാനയും അസേല ഗുണരത്നയും ഓരോ വിക്കറ്റ് നേടിയപ്പോള്‍ രണ്ട് കരീബിയന്‍ താരങ്ങള്‍ റണ്‍ഔട്ട് ആവുകയായിരുന്നു.

228 എന്ന താരതമ്യേന ചെറിയ സ്കോര്‍ പിന്തുടര്‍ന്ന ശ്രീലങ്കയ്ക്കും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. അടിക്കടി വിക്കറ്റുകള്‍ വീണ ശ്രീലങ്കന്‍ നിരയില്‍ നിരോഷന്‍ ഡിക്വെല്ലയാണ് ചെറുത്ത്നില്പ് നടത്തിയത്. എന്നാല്‍ ഉപുല്‍ തരംഗയുടെ മെല്ലെപ്പൊക്ക് ശ്രീലങ്കയ്ക്ക് തിരിച്ചടിയായി. 45 പന്തുകള്‍ കളിച്ച തരംഗ നേടിയത് വെറും 12 റണ്‍സാണ്. ആഷ്ലി നഴ്സിനെ നേരിടാന്‍ ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍മാര്‍ ബുദ്ധിമുട്ടിയപ്പോള്‍ ലങ്കന്‍ ഇന്നിംഗസ് 64/5 എന്ന നിലയില്‍ തകര്‍ന്നു. ഏഴാം വിക്കറ്റില്‍ സചിത് പതിരാനയും(45) ഷെഹന്‍ ജയസൂര്യയും(31) ചേര്‍ന്ന് നേടിയ 60 റണ്‍സ് ലങ്കയ്ക്ക് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ആഷ്ലി നഴ്സ് സചിതിനെ പുറത്താക്കി മത്സരം കരീബിയന്‍ പടയുടെ വരുതിയിലാക്കി. ഏറെ വൈകാതെ ജയസൂര്യയും പുറത്തായതോടു കൂടി ശ്രീലങ്ക 165 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

ഷാനണ്‍ ഗ്രബ്രിയേല്‍, ആഷ്ലി നഴ്സ് എന്നിവര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. കാര്‍ലോസ് ബ്രൈത്വേറ്റിനു ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഒരു ശ്രീലങ്കന്‍ വിക്കറ്റ് റണൗട്ട് രൂപത്തിലാണ് വീണത്.

തന്റെ 8 ഓവറുകളില്‍ വെറും 16 റണ്‍സ് വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്ത്തിയ ജേസണ്‍ ഹോള്‍ഡറാണ് മാന്‍ ഓഫ് ദി മാച്ച്.

Advertisement