117 റണ്‍സ് സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്

- Advertisement -

വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 434 റണ്‍സ് ലക്ഷ്യം പിന്തുടരാനിറങ്ങിയ സിംബാബ്‍വേ 316 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ബുലവായോ ടെസ്റ്റില്‍ 117 റണ്‍സ് വിജയം നേടി സന്ദര്‍ശകര്‍. രണ്ടാം ഇന്നിംഗ്സിലും നാല് വിക്കറ്റുമായി തിളങ്ങിയ ദേവേന്ദ്ര ബിഷുവാണ് മാന്‍ ഓഫ് ദി മാച്ച്. നേരത്തെ രണ്ടാം ഇന്നിംഗ്സില്‍ 433 റണ്‍സ് ലീഡ് നേടിയ വെസ്റ്റിന്‍ഡീസ് 373 റണ്‍സിനു ഓള്‍ഔട്ട് ആയിരുന്നു.

തലേ ദിവസത്തെ സ്കോറിനോട് വെറും നാല് റണ്‍സ് കൂടി നേടുന്നതിനിടയില്‍ വെസ്റ്റിന്‍ഡീസ് രണ്ടാം ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. കെമര്‍ റോച്ചിനെ ഗ്രെയിം ക്രെമര്‍ പുറത്താക്കിയപ്പോള്‍ 95 റണ്‍സ് നേടിയ റോഷ്ടണ്‍ ചേസിനെ ഷോണ്‍ വില്യംസ് പുറത്താക്കി. ക്രെമര്‍ നാലും ഷോണ്‍ വില്യംസ് മൂന്നും വിക്കറ്റ് നേടി.

സിംബാബ്‍വേയുടെ തുടക്കം മികച്ചതായിരുന്നു. ഓപ്പണര്‍മാര്‍ ഇരുവരും മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ ആതിഥേയര്‍ക്കാവുമെന്ന തോന്നല്‍ ഉണ്ടായി. കൂട്ടുകെട്ട് നൂറു റണ്‍സിനു ഒരു റണ്‍ അകലെ വെച്ച് അവസാനിക്കുകയായിരുന്നു. 57 റണ്‍സ് നേടിയ ഹാമിള്‍ട്ടണ്‍ മസകഡ്സയെ പുറത്താക്കി ക്രെയിഗ് ബ്രാത്‍വൈറ്റ് വെസ്റ്റിന്‍ഡീസിനു ബ്രേക്ക്ത്രൂ നല്‍കി.

10 റണ്‍സ് നേടുന്നതിനിടെ സോളമന്‍ മീറിനെയും(47) സിംബാബ്‍വേയ്ക്ക് നഷ്ടമായി. പിന്നീട് ടീമിലേക്ക് മടങ്ങിയെത്തിയ ബ്രണ്ടന്‍ ടെയിലറാണ് സിംബാബ്‍വേയ്ക്ക് വേണ്ടി പടപൊരുതിയത്. ഒപ്പം സിക്കന്ദര്‍ റാസയും(30) മികച്ച പിന്തുണ നല്‍കി. എന്നാല്‍ റണ്‍ഔട്ട് രൂപത്തില്‍ ടെയിലര്‍ മടങ്ങിയതോടെ സിംബാബ്‍വേ പ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു. അവസാന വിക്കറ്റില്‍ കൈല്‍ ജാര്‍വിസ്(23*) ക്രിസ് പോഫു(33) കൂട്ടുകെട്ട് പൊരുതി നോക്കിയെങ്കിലും ടീം സ്കോര്‍ 316ല്‍ സിംബാബ്‍വേ പോരാട്ടം അവസാനിക്കുകയായിരുന്നു.

വെസ്റ്റിന്‍ഡീസിനായി ആദ്യ ഇന്നിംഗ്സിലെ പോലെ ദേവേന്ദ്ര ബിഷൂ തന്നെയാണ് വിക്കറ്റുകള്‍ കൊയ്തത്. 4 വിക്കറ്റാണ് താരം രണ്ടാം ഇന്നിംഗ്സില്‍ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement