
സിംബാബ്വേയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറി വെസ്റ്റിന്‍ഡീസ്. സിക്കന്ദര്‍ റാസയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിന്റെ ഫലമായി 230/7 എന്ന നിലയിലേക്ക് തകര്‍ന്ന് വീണ വെസ്റ്റിന്‍ഡീസിനെ എട്ടാം വിക്കറ്റില്‍ 144 റണ്‍സുമായി ഷെയിന്‍ ഡോവ്റിച്ച്-ജേസണ്‍ ഹോള്‍ഡര്‍ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസ് 374/7 എന്ന നിലയിലാണ്. 48 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാന്‍ സന്ദര്‍ശകര്‍ക്കായി.
78/1 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച വെസ്റ്റിന്‍ഡീസിനു 53 റണ്‍സ് കൂടി നേടുന്നതിനിടയില്‍ നൈറ്റ് വാച്ച്മാ ദേവേന്ദ്ര ബിഷുവിനെ(23) നഷ്ടമായി. സിക്കന്ദര്‍ റാസയ്ക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് ബിഷു മടങ്ങിയത്. ഏറെ വൈകാതെ കൈല്‍ ഹോപ്പിനെയും റാസ മടക്കി അയയ്ച്ചു. കീറന്‍ പവലും 90 റണ്‍സ് നേടി മടങ്ങിയപ്പോള്‍ വെസ്റ്റിന്‍ഡീസിന്റെ നില 163/4 എന്ന നിലയിലായി. റോഷ്ടണ്‍ ചേസ്(40), ഷായി ഹോപ്(32), ജെര്മൈന് ബ്ലാക്ക്വുഡ് എന്നിവരുടെ ചെറുത്ത് നില്പും റാസ തന്നെ അവസാനിപ്പിച്ചപ്പോള്‍ വെസ്റ്റിന്‍ഡീസ് കൂടുതല്‍ പരുങ്ങലിലായി.
230/7 എന്ന നിലയില്‍ ഒത്തുചേര്‍ന്ന നായകന് ജേസണ്‍ ഹോള്‍ഡര്‍(71*)-ഷെയിന്‍ ഡോവ്റിച്ച്(75) സഖ്യം വെസ്റ്റിന്‍ഡീസിനെ നാണക്കേടില്‍ നിന്ന് കരകയറ്റുകയായിരുന്നു. മൂന്നാം ദിവസം അപരാജിതമായ 144 റണ്‍സ് കൂട്ടുകെട്ടുമായി നിലയുറപ്പിച്ച സഖ്യം ദിവസത്തെ കളി അവസാനിച്ചപ്പോള്‍ ടീമിനു 48 റണ്‍സിന്റെ ലീഡ് നേടിക്കൊടുത്തു.
സിക്കന്ദര്‍ റാസയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിനു പിന്തുണയായി ക്രിസ് പോഫു, ഗ്രെയിം ക്രെമര്‍ എന്നിവരും ഓരോ വിക്കറ്റ് വീതം നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial