വെസ്റ്റിന്‍ഡീസിനു 444 റണ്‍സ് ലക്ഷ്യം, രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നഷ്ടം

- Advertisement -

ന്യൂസിലാണ്ട് നല്‍കിയ 444 റണ്‍സ് ലക്ഷ്യം പിന്തുടരാനിറങ്ങിയ വെസ്റ്റിന്‍ഡീസിനു മോശം തുടക്കം. മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസ് 30/2 എന്ന നിലയിലാണ്. നേരത്തെ ന്യൂസിലാണ്ട് തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 291/8 എന്ന നിലയില്‍ അവസാനിപ്പിച്ചിരുന്നു. റോസ് ടെയിലര്‍ നേടിയ 17ാം ടെസ്റ്റ് ശതകമാണ് മത്സരത്തിന്റെ സവിശേഷത. പുറത്താകാതെ 107 റണ്‍സ് നേടിയ റോസ് ടെയിലര്‍ മാര്‍ട്ടിന്‍ ക്രോ, കെയിന്‍ വില്യംസണ്‍ എന്നിവരുടെ ഒപ്പം എത്തുകയായിരുന്നു.

രണ്ടാം ഇന്നിംഗ്സില്‍ വെസ്റ്റിന്‍ഡീസിനായി ക്രെയിഗ് ബ്രാത്‍വൈറ്റ്(13*), ഷായി ഹോപ്(1*) എന്നിവരാണ് ക്രീസില്‍. റണ്ണൊന്നുമെടുക്കാതെ കീറന്‍ പവലും 15 റണ്‍സ് നേടിയ ഷിമ്രന്‍ ഹെറ്റ്മ്യറുമാണ് പുറത്തായത്. രണ്ട് ദിവസം ശേഷിക്കെ 414 റണ്‍സ് കൂടിയാണ് വെസ്റ്റിന്‍ഡീസ് പരമ്പര സമനിലയിലാക്കുവാന്‍ നേടേണ്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement