
വെസ്റ്റിന്‍ഡീസിന്റെ ന്യൂസിലാണ്ട് പര്യടനത്തിനു നാളെ തുടക്കം. വെല്ലിംഗ്ടണിലെ ബേസിന് റിസര്‍വ്വില്‍ നാളെയാണ് ആദ്യ ടെസ്റ്റ് അരങ്ങേറുന്നത്. ഇന്ത്യയുമായുള്ള പരമ്പരിയില്‍ ന്യൂസിലാണ്ടിനു തോല്‍വി പിണഞ്ഞെങ്കിലും കരീബിയന്‍ സംഘത്തെക്കാള്‍ ഏറെ മുന്നില്‍ തന്നെയാണ് ബ്ലാക്ക് ക്യാപുകള്‍. നായകന് കെയിന്‍ വില്യംസണിന്റെ മോശം ഫോമാണ് ടീമിനെ അലട്ടുന്ന ഒരു പ്രധാന പ്രശ്നം. വെസ്റ്റിന്‍ഡീസ് സിംബാബ്വേയ്ക്കെതിരെ ടെസ്റ്റ് പരമ്പര വിജയിച്ചാണ് വരുന്നതെങ്കിലും ആ പ്രകടനം കീവികള്‍ക്കെതിരെ ഫലപ്രദമാകുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം.
ജീത്ത് റാവലും ടോം ലാഥവും ആവും ആതിഥേയര്‍ക്കായി ഓപ്പണിംഗ് സ്ഥാനത്ത് ഇറങ്ങുക. ഏകദിനങ്ങളില്‍ മധ്യ നിരയിലേക്ക് മാറിയെങ്കിലും ടെസ്റ്റില്‍ വീണ്ടും തന്റെ സ്ഥിരം ഓപ്പണിംഗ് പൊസിഷനിലേക്ക് ലാഥം തിരികെ എത്തും. കെയിന്‍ വില്യംസണും റോസ് ടെയിലറും മധ്യനിരയ്ക്ക് കരുത്തേകും. താരതമ്യേന യുവനിരയാവും പിന്നീട് ടീമിനായി ബാറ്റ് ചെയ്യാനെത്തുക. ജോര്‍ജ്ജ് വര്‍ക്കര്‍, ടോം ബ്ലന്‍ഡെല്‍, ഹെന്റി നിക്കോളസ് എന്നിവരാണവര്‍. ടിം സൗത്തി ഇല്ലാത്തത് ടീമിനു തിരിച്ചടിയായേക്കാം എന്നിരുന്നാലും ട്രെന്റ് ബൗള്‍ട്ടും ലോക്കി ഫെര്‍ഗൂസണിനും ഒപ്പം മാറ്റ് ഹെന്റി, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ ടീമിന്റെ ബൗളിംഗ് നിരയ്ക്ക് കരുത്തേകും.
വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് ക്രെയിഗ് ബ്രാത്ത്വൈറ്റിനെ ചുറ്റിപ്പറ്റിയാവും മുന്നോട്ട് നീങ്ങുക. ഷായി ഹോപ്പും റോഷ്ടണ്‍ ചേസും പലപ്പോഴും ടീമിന്റെ രക്ഷയ്ക്കെത്തിയിട്ടുള്ളത് പോലെ ഇത്തവണയും ടീമിനു അവരുടെ തുണ ഏറെ ആവശ്യമായി വരും. ബൗളിംഗില്‍ ദേവേന്ദ്ര ബിഷുവും റോഷ്ടണ്‍ ചേസുമാവും സ്പന്നര്‍മാരായി കളിക്കുക. ചേസ് മികച്ചൊരു ഓള്‍റൗണ്ടറായി മാറിക്കൊണ്ടിരിക്കുകയാണ്. ജേസണ്‍ ഹോള്‍ഡറിനൊപ്പം ഷാനന് ഗബ്രിയേല്‍, കെമര്‍ റോച്ച് എന്നിവരാകും ന്യൂ ബോള്‍ ബൗളര്‍മാര്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial