രോഹിത് ശര്‍മ്മയെ ഒഴിവാക്കിയതിനു കാരണമെന്തെന്നറിയാമോ? ഹര്‍ഭജന്‍ ചോദിയ്ക്കുന്നു

ഏകദിനത്തിലും ടി20യിലും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് രോഹിത് ശര്‍മ്മ. 31 വയസ്സുകാരന്‍ ഓപ്പണര്‍ ഇന്ത്യയ്ക്കായി തകര്‍ത്തടിക്കുമ്പോള്‍ ഏത് എതിരാളികളും ഒന്ന് വിറയ്ക്കും എന്നതില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ടെസ്റ്റില്‍ സമാനമായ ഒരു പ്രഭാവമുണ്ടാക്കുവാന്‍ താരത്തിനു സാധിച്ചിട്ടുമില്ല. അടുത്ത് കഴിഞ്ഞ ഏഷ്യ കപ്പ് ഏകദിന പരമ്പരയില്‍ കപ്പ് നേടിയതിലൂടെ ക്യാപ്റ്റന്‍സിയിലും താന്‍ മികച്ചതാണെന്ന് രോഹിത്ത് തെളിയിക്കുകയുണ്ടായി.

രോഹിത് ടെസ്റ്റില്‍ അവസാനമായി കളിച്ചത് ദക്ഷിണാഫ്രിക്കയില്‍ ഇക്കഴിഞ്ഞ ജനുവരിയിലാണ്. എന്നാല്‍ അതിനു ശേഷം താരത്തിനെ ടെസ്റ്റിലേക്കായി ഇന്ത്യ പരിഗണിച്ചിട്ടില്ല. ഏകദിനങ്ങളില്‍ റണ്‍സ് കണ്ടെത്തുമ്പോളും താരത്തിനു ടെസ്റ്റില്‍ അവഗണനയാണ് ഫലം. ടെസ്റ്റില്‍ താന്‍ ഓപ്പണിംഗ് ചെയ്യാനും തയ്യാറാണെന്ന് അടുത്തിടെ രോഹിത് ശര്‍മ്മ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സെലക്ടര്‍മാര്‍ ഓപ്പണിംഗിലേക്ക് പുതുമുഖങ്ങളെ പരീക്ഷിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

ശിഖര്‍ ധവാനെയും മുരളി വിജയ്‍യിനെയും വിന്‍ഡീസ് പരമ്പരയില്‍ നിന്ന് ഒഴിവാക്കിയ സെലക്ടര്‍മാര്‍ പൃഥ്വി ഷായ്ക്കും കെഎല്‍ രാഹുലിനും ഓപ്പണിംഗ് ദൗത്യം നല്‍കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ സെലക്ടര്‍മാരുടെ ഈ തീരുമാനത്തിനെതിരെ ഹര്‍ഭജന്‍ സിംഗ് ട്വിറ്ററിലൂടെ രംഗത്തെത്തിയിട്ടുണ്ട്.

താരത്തിനെ ടീമിലെടുക്കാത്തത് തനിക്ക് ഇപ്പോളും അത്ഭുതമാണെന്നും സെലക്ടര്‍മാര്‍ എന്താണ് ആലോചിച്ച് കൂട്ടുന്നതെന്ന് ആര്‍ക്കേലും അറിയാമെങ്കില്‍ തനിക്കും പറഞ്ഞ് തരാനാണ് ഹര്‍ഭജന്‍ സിംഗ് അഭിപ്രായപ്പെട്ടത്.

Exit mobile version