Zimbabwe

ഹാട്രിക് നേട്ടവുമായി വെസ്‍ലി!!! നെതര്‍ലാണ്ട്സിനെതിരെ ആവേശകരമായ ഒരു റൺസ് വിജയവുമായി സിംബാബ്‍വേ

ആവേശകരമായ രണ്ടാം ഏകദിനത്തിൽ നെതര്‍ലാണ്ട്സിന്റെ പക്കൽ നിന്ന് മത്സരം തട്ടിയെടുത്ത് സിംബാബ്‍വേ. 272 റൺസ് വിജയ ലക്ഷ്യം തേടിയറങ്ങിയ നെതര്‍ലാണ്ട്സ് ഒരു ഘട്ടത്തിൽ 197/2 എന്ന നിലയിൽ വിജയം ഉറപ്പാക്കിയ നിമിഷത്തിൽ നിന്ന് 1 റൺസ് വിജയം സിംബാബ്‍വേ പിടിച്ചെടുക്കുകയായിരുന്നു. നെതര്‍ലാണ്ട്സ് 270 റൺസിന് ഓള്‍ഔട്ട് ആയി.

അവസാന ഓവറിൽ വിജയത്തിനായി 19 റൺസായിരുന്നു നെതര്‍ലാണ്ട്സ് നേടേണ്ടിയിരുന്നത്. ഓവറിൽ നിന്ന് 17 റൺസ് പിറന്നു. അവസാന പന്തിൽ വിജയത്തിനായി ബൗണ്ടറി നേടേണ്ടിയിരുന്ന നെതര്‍ലാണ്ട്സിന് അത് നേടാനായില്ല. ബാറ്റ്സ്മാന്മാര്‍ മൂന്നാം റണ്ണിന് ശ്രമിച്ചുവെങ്കിലും റണ്ണൗട്ടിലൂടെ ടീം ഓള്‍ഔട്ട് ആയി.

81 റൺസ് നേടിയ മാക്സ് ഒദൗദും 74 റൺസ് നേടിയ ടോം കൂപ്പറും കളം നിറഞ്ഞ് നിന്നപ്പോള്‍ നെതര്‍ലാണ്ട്സ് മികച്ച രീതിയിൽ മുന്നേറുകയായിരുന്നു. സ്കോട്ട് എഡ്വേര്‍ഡ്സ് 36 റൺസും കോളിന്‍ അക്കര്‍മാന്‍ 28 റൺസും നേടിയെങ്കിലും മൂന്ന് വിക്കറ്റുമായി സിക്കന്ദര്‍ റാസയും വെസ്ലി മാധവേരെയും സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു.

213/3 എന്ന നിലയിൽ നിന്ന് ടീം 213/6 എന്ന നിലയിലേക്ക് വീണപ്പോള്‍ മാധവേരെ ഹാട്രിക്ക് നേട്ടം സ്വന്തമാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേയ്ക്കായി ഷോൺ വില്യംസ് 77 റൺസും ക്ലൈവ് മഡാന്‍ഡേ 52 റൺസും നേടി. വെസ്ലി മാധവേരെ 43 റൺസും ക്രെയിഗ് ഇര്‍വിന്‍ 39 റൺസും നേടിയപ്പോള്‍ ടീം 49.2 ഓവറിൽ 271 റൺസിന് ഓള്‍ഔട്ട് ആയി.

നെതര്‍ലാണ്ട്സിനായി ഷാരിസ് അഹമ്മദ് 5 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കോളിന്‍ അക്കര്‍മാനും പോള്‍ വാന്‍ മീകേരനും രണ്ട് വീതം വിക്കറ്റും നേടി.

Exit mobile version