നാലാം ടെസ്റ്റില്‍ വാര്‍ണറെയും വിലക്കിയേക്കും

ഐസിസി നടപടിയില്‍ നിന്ന് രക്ഷപ്പെട്ടുവെങ്കിലും നാലാം ടെസ്റ്റില്‍ കളിക്കുന്നതില്‍ നിന്ന് ഡേവിഡ് വാര്‍ണറെ ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയേക്കുമെന്ന് സൂചന. സാന്‍ഡ്പേപ്പര്‍ ഗേറ്റ് വിവാദത്തില്‍ സ്റ്റീവ് സ്മിത്തിനും കാമറൂണ്‍ ബാന്‍ക്രോഫ്ടിനെതിരെയും ഐസിസി നടപടിയെടുത്തിരുന്നു. സ്മിത്തിനു ഒരു മത്സരത്തില്‍ നിന്ന് വിലക്കും 100 ശതമാനം മാച്ച് ഫീസ് പിഴയും വിധിച്ചപ്പോള്‍ കാമറൂണ്‍ ബാന്‍ക്രോഫ്ടിനു 75 ശതമാനം മാച്ച് ഫീസ് പിഴ മാത്രമാണ് വിധിച്ചത്.

പന്തില്‍ കൃത്രിമം കാണിച്ചത് ഓസ്ട്രേലിയയുടെ ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്റെ അറിവോടെയാണെന്ന സ്റ്റീവ് സ്മിത്തിന്റെ പ്രഖ്യാപനമാണ് കാര്യങ്ങള്‍ കൂടുതല്‍ വിവാദമാക്കിയത്. ഇതിനെത്തുടര്‍ന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സംഭവത്തില്‍ അന്വേഷണം വിധിക്കുകയും സ്മത്തിനോടും വാര്‍ണറോടും നായക-ഉപനായക സ്ഥാനങ്ങള്‍ ഉപേക്ഷിക്കുവാനും ആവശ്യപ്പെടുകയായിരുന്നു.

അന്വേഷണം പൂര്‍ത്തിയായില്ലെങ്കിലും ജോഹാന്നസ്ബര്‍ഗില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ നിന്ന് വാര്‍ണറോടും ബാന്‍ക്രോഫ്ടിനോടും വിട്ട് നില്‍ക്കുവാന്‍ ആവശ്യപ്പെടുമെന്നാണ് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ ബോര്‍ഡിലെ അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള വിവരത്തിനടിസ്ഥാനമാക്കി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial