വാര്‍ണര്‍ക്കും റെന്‍ഷോയ്ക്കും ശതകം, ആദ്യ ദിനം ഓസ്ട്രേലിയയ്ക്ക്

- Advertisement -

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്നാരംഭിച്ച ഓസ്ട്രേലിയ-പാക്കിസ്ഥാന്‍ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ആധിപത്യം. ടോസ് നേടി ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരുടെ ശതകത്തിന്റെ പിന്‍ബലത്തില്‍ ആദ്യ ദിനം പിന്നിടുമ്പോള്‍ ഓസ്ട്രേലിയ 365/3 എന്ന നിലയിലാണ്.

ലഞ്ചിനു മുമ്പ് തന്നെ തന്റെ ശതകം തികച്ച വാര്‍ണറുടെ ആക്രമണ ബാറ്റിംഗാണ് ആദ്യ സെഷനില്‍ സിഡ്നി സാക്ഷ്യം വഹിച്ചത്. 78 പന്തില്‍ നിന്ന് 100 റണ്‍സ് തികച്ച വാര്‍ണര്‍ SCGയില്‍ നേടിയ വേഗമേറിയ സെഞ്ച്വറിയ്ക്ക് ഉടമയായി. ഇതിനു മുമ്പ് വെസ്റ്റിന്‍ഡീസിനെതിരെ 82 പന്തില്‍ ശതകം നേടിയ തന്റെ തന്നെ റെക്കോര്‍ഡാണ് വാര്‍ണര്‍ തകര്‍ത്തത്. ആദ്യ ഓവറുകളില്‍ തന്നെ പാക് ബൗളിംഗ് നിരയെ കടന്നാക്രമിക്കാന്‍ വാര്‍ണര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വാര്‍ണര്‍ ഒരു വശത്ത് തകര്‍ത്താടിയപ്പോള്‍ മാറ്റ് റെന്‍ഷാ പതിഞ്ഞ രീതിയിലാണ് തുടങ്ങിയത്.

ലഞ്ചിനു മുമ്പ് ശതകം തികച്ചത് വഴി ടെസ്റ്റ് ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ബൗളര്‍ കൂടിയായി വാര്‍ണര്‍. ലഞ്ചിനു പിരിയുമ്പോള്‍ ഓസ്ട്രേലിയ 126/0 എന്ന നിലയിലായിരുന്നു. ഇതില്‍ 100 റണ്‍സ് വാര്‍ണറുടെ സംഭാവനയായിരുന്നു. ലഞ്ചിനു ശേഷം സ്കോറിംഗ് വേഗം കൂട്ടാന്‍ ശ്രമിക്കുന്നതിനിടയില്‍ വഹാബ് റിയാസിന്റെ പന്തില്‍ കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദ് പിടിച്ച് വാര്‍ണര്‍ പുറത്താകുകയായിരുന്നു(113). പതിയെയാണ് തുടങ്ങിയതെങ്കിലും ഉസ്മാന്‍ ഖ്വാജ(13) സ്റ്റീവ് സ്മിത്ത്(24) എന്നിവരെ വേഗം നഷ്ടമായ ഓസ്ട്രേലിയയ്ക്ക് വേണ്ടി റെന്‍ഷാ തന്റെ ആദ്യ സെഞ്ച്വറി തികച്ചു.

ശതകത്തിനു ശേഷം ബാറ്റിംഗ് വേഗത കൂട്ടിയ റെന്‍ഷാ സ്പിന്നര്‍ യസീര്‍ ഷായെയാണ് പ്രധാനമായും കടന്നാക്രമിക്കാന്‍ തിരഞ്ഞെടുത്തത്. നാലാം വിക്കറ്റില്‍ റെന്‍ഷായ്ക്ക് കൂട്ടായി എത്തിയ പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് തന്റെ കരിയറില്‍ തുടരുന്ന ഫോം ഈ മത്സരത്തിലും പുറത്തെടുത്തു. ഇരുവരും ചേര്‍ന്ന് 121 റണ്‍സ് കൂട്ടുകെട്ടാണ് ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ നേടിയിരിക്കുന്നത്. ഹാന്‍ഡ്സ്കോമ്പ്(40*) മാറ്റ് റെന്‍ഷാ(167*) എന്നിവരാണ് സ്റ്റംപ്സ് സമയത്ത് ക്രീസില്‍.

വഹാബ് റിയാസ്(2 വിക്കറ്റ്), യസീര്‍ ഷാ(1 വിക്കറ്റ്) എന്നിവരാണ് പാക്കിസ്ഥാനു വേണ്ടി വിക്കറ്റ് പട്ടികയില്‍ ഇടം നേടിയത്.

Advertisement