വരുന്ന പരമ്പരകളില്‍ ബൗളിംഗിലും ശ്രദ്ധയൂന്നണമെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍

ബാറ്റിംഗിനെക്കാള്‍ തനിക്ക് കൂടുതല്‍ ശ്രദ്ധ വരുന്ന പരമ്പരകളില്‍ ബൗളിംഗില്‍ ചെലുത്തണമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. ന്യൂസിലാണ്ടിനെതിരെ ബൗളിംഗില്‍ അവസരം ലഭിക്കാതിരുന്ന വിജയ് ശങ്കര്‍ ബാറ്റിംഗില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ശ്രീലങ്കയില്‍ നിദാഹസ് ട്രോഫിയില്‍ ഇന്ത്യയ്ക്കായി കളിച്ച താരം അന്ന് ബൗളിംഗിലൂടെയായിരുന്നു മികവ് പുലര്‍ത്തിയത്. തനിക്ക് ലഭിച്ച ഏക മാന്‍ ഓഫ് ദി മാച്ച് തന്റെ ബൗളിംഗ് പ്രകടനത്തിനായിരുന്നുവെന്ന് പറഞ്ഞ വിജയ് ശങ്കര്‍ തനിക്ക് ബൗളിംഗിലും ശ്രദ്ധയൂന്നുവാന്‍ അവസരം വരുന്ന പരമ്പരകളില്‍ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്.

ലോകകപ്പിനു തന്റെ സാധ്യത നിലനിര്‍ത്തുവാന്‍ ഇരു മേഖലകളിലും തനിക്ക് കഴിവ് തെളിയിക്കേണ്ടതുണ്ടെന്നാണ് വിജയ് ശങ്കറുടെ അഭിപ്രായം. നിദാഹസ് ട്രോഫിയില്‍ വിക്കറ്റുകള്‍ നേടുക എന്നതായിരുന്നു തന്റെ ശ്രദ്ധ. എന്നാല്‍ അടുത്തിടെ താന്‍ ബൗളിംഗില്‍ വിക്കറ്റെന്നതിലുപരി റണ്‍സ് വഴങ്ങാതെ മികച്ച ബൗളിംഗ് പുറത്തെടുക്കുക എന്നതിലായിരുന്നു ശ്രദ്ധ. വരുന്ന ഓസ്ട്രേലിയന്‍ പരമ്പരയില്‍ തനിക്ക് വിക്കറ്റിനായി ശ്രമിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിജയ് അഭിപ്രായപ്പെട്ടു.

ലോകകപ്പിനു വിജയ് ശങ്കറിനെയും പരിഗണിക്കുന്നുണ്ടെന്നാണ് ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ് അഭിപ്രായപ്പെട്ടത്. ശങ്കറിന്റെ അടുത്തിടെയുള്ള പരമ്പരയിലെ പ്രകടനം ഇന്ത്യന്‍ ടീമിനു കൂടുതല്‍ ഉപാധികളെ നില്‍കിയിരിക്കുകയാണെന്ന് പറഞ്ഞ പ്രസാദ് താരത്തിന്റെ പ്രകടനം വരുന്ന മൂന്ന് നാല് മത്സരങ്ങളില്‍ കൂടി വിലയിരുത്തിയ ശേഷമാവും തീരുമാനം കൈക്കൊള്ളുക എന്നും അറിയിച്ചു.

Exit mobile version