ഓസ്ട്രേലിയയിൽ പോയി ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ കാത്തിരിക്കുകയാണെന്ന് രോഹിത് ശർമ്മ

താൻ ഓസ്ട്രേലിയയിൽ പോയി ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ കാത്തിരിക്കുകയാണെന്ന് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ഓസ്‌ട്രേലിയക്കെതിരായ പരമ്പര മികച്ചതായിരിക്കുമെന്നും സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും തിരിച്ചുവരുന്നത് മത്സരത്തിന്റെ ഗതി മാറ്റുമെന്നും രോഹിത് ശർമ്മ പറഞ്ഞു. ഈ വരുന്ന ഡിസംബർ മാസത്തിലാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനം.

കഴിഞ്ഞ തവണ ഇന്ത്യ ഓസ്ട്രേലിയയിൽ പര്യടനം നടത്തിയപ്പോൾ ഇന്ത്യ ചരിത്ര വിജയം നേടിയിരുന്നു. 71 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യ ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. എന്നാൽ ആ സമയത്ത് പന്ത് ചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് വിലക്ക് നേരിട്ട സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ചിരുന്നില്ല.

“ഒരു ടീമെന്ന നിലയിൽ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇന്ത്യയുടെ ബൗളർമാരും ബാറ്റ്സ്മാൻമാരും മാനസികമായി മികച്ച രീതിയിലാണ് ഉള്ളത്. ഈ പരമ്പരക്ക് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്. ഈ പരമ്പര നടക്കുകയാണെങ്കിൽ അത് ഒരു മികച്ച പാരമ്പരയാവും” രോഹിത് ശർമ്മ പറഞ്ഞു.

Exit mobile version