Site icon Fanport

വിഷ്ണു വിനോദിനും സെഞ്ച്വറി, 500 കടന്ന് കേരളം

Vishnuvinod

ഗോവയ്ക്കെതിരെ രഞ്ജി ട്രോഫി മത്സരത്തിൽ 526 റൺസെന്ന മികച്ച സ്കോര്‍ നേടി കേരളം. രോഹന്‍ കുന്നുമ്മലിന്റെ (153) ശതകത്തിന് പിന്നാലെ വിഷ്ണു വിനോദും ശതകം നേടിയപ്പോള്‍ 171 റൺസിന്റെ ലീഡാണ് കേരളം മത്സരത്തിൽ നേടിയത്. ഗോവയുടെ ഇന്നിംഗ്സ് 355 റൺസിനാണ് അവസാനിച്ചത്. 526/9 എന്ന നിലയിൽ കേരളം തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

വിഷ്ണു വിനോദ് 113 റൺസാണ് നേടിയത്. സൽമാന്‍ നിസാര്‍ 52 റൺസ് നേടിയപ്പോള്‍ അഹമ്മദ് ഇമ്രാന്‍ 31 റൺസും അങ്കിത് ശര്‍മ്മ 36 റൺസും കേരളത്തിനായി നേടി. ഗോവയ്ക്ക് വേണ്ടി അമൂല്യ പണ്ടരേക്കറും ലളിത് യാദവും മൂന്ന് വീതം വിക്കറ്റും അര്‍ജ്ജുന്‍ ടെണ്ടുൽക്കര്‍ രണ്ട് വിക്കറ്റും നേടി.

അവസാന വിക്കറ്റിൽ കേരളത്തിനായി നിധീഷ് എംഡി 20 റൺസും ബേസിൽ എന്‍പി 13 റൺസുമായി പൊരുതി നിന്ന് 34 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് പുറത്തെടുത്തത്.

Exit mobile version