Site icon Fanport

റിഷഭ് പന്ത് ഇന്ത്യയുടെ ഭാവിയെന്ന് വിരാട് കോഹ്‌ലി

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യ ജയിച്ചതിന് പിന്നാലെയാണ് വിരാട് കോഹ്‌ലി പന്തിനെ പ്രശംസിച്ച് രംഗത്തെത്തിയത്. റിഷഭ് പന്ത് ഇന്ത്യയുടെ ഭാവിയാണെന്നും താരത്തിന് വളരാനുള്ള വഴി ഒരുക്കണമെന്നുമാണ് വിരാട് കോഹ്‌ലി പറഞ്ഞത്. ഇന്ത്യയുടെ ആദ്യ രണ്ടു മത്സരങ്ങളിലും അനായാസം വിക്കറ്റ് വലിച്ചെറിഞ്ഞ പന്ത് അവസാന മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യയെ ജയിപ്പിക്കുകയായിരുന്നു.

തന്റെ അരങ്ങേറ്റം മുതൽ റിഷഭ് ഒരുപാടു പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഇത് പോലെ കളിക്കുകയാണെങ്കിൽ ഇന്ത്യൻ ക്രിക്കറ്റിന് പന്ത് ഒരു മുതൽകൂട്ടാവുമെന്നും കോഹ്‌ലി പറഞ്ഞു. മത്സരത്തിൽ 42 പന്തിൽ 65 റൺസുമായി പുറത്താവാതെ നിന്ന പന്ത് ഇന്ത്യയെ അഞ്ചു പന്ത് ബാക്കിനിൽക്കെ 7 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചിരുന്നു. റിഷഭ് പന്തിന്റെ ടി20യിലെ രണ്ടാമത്തെ അർദ്ധ സെഞ്ചുറിയായിരുന്നു ഇത്.  വിരാട് കോഹ്‌ലിയുമായി ചേർന്ന് മൂന്നാം വിക്കറ്റിൽ പടുത്തുയർത്തിയ 106 റൺസാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പര അനായാസം തുത്തുവാരാനും ഇന്ത്യക്കായി.

Exit mobile version