Site icon Fanport

വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ ജയം സ്വന്തമാക്കി കേരളം

ത്രിപുരയ്ക്കെതിരെ 4 വിക്കറ്റ് ജയത്തോടെ വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ ജയം സ്വന്തമാക്കി കേരളം. ആദ്യ മത്സരത്തില്‍ ബംഗാളിനെ തളച്ച ശേഷം കേരളം രണ്ടാം മത്സരത്തില്‍ ഹിമാച്ചല്‍ പ്രദേശിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങുകയായിരുന്നു. ത്രിപുരയുമായുള്ള മൂന്നാം മത്സരത്തില്‍ ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് ത്രിപുര നേടിയത്. 61 റണ്‍സുമായി ത്രിപുര നായകന്‍ മണിശങ്കര്‍ മുരാസിംഗ് ആണ് ത്രിപുരയുടെ ടോപ് സ്കോറര്‍. ശ്യാം ഗോണ്‍(35), രജത് ഡേ(46), സ്മിത് പട്ടേല്‍(33) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. കേരളത്തിനു വേണ്ടി എംഡി നിധീഷ് മൂന്ന് വിക്കറ്റ് നേട്ടം കൊയ്തപ്പോള്‍ അഭിഷേക് മോഹന്‍ രണ്ടും ജലജ് സക്സേന, കെസി അക്ഷയ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനു വേണ്ടി രോഹന്‍ പ്രേം(52) ടോപ് സ്കോറര്‍ ആയി. വിഷ്ണു വിനോദ്(40), സഞ്ജു സാംസണ്‍(37) എന്നിവരും തിളങ്ങി. മുഹമ്മദ് അസ്ഹറുദ്ദീന്‍ പുറത്താകാതെ നേടിയ 47 റണ്‍സാണ് കേരളത്തിനെ വിജയത്തിലേക്ക് നയിച്ചത്. സച്ചിന്‍ ബേബി 26 റണ്‍സ് നേടി. 45.1 ഓവറിലാണ് കേരളം വിജയം ഉറപ്പിച്ചത്.

കേരളത്തിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ നീലാംബുജ് വാട്സ് ആണ് ത്രിപുരയ്ക്കായി ബൗളിംഗില്‍ മികവ് പുലര്‍ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version