സെമി ഉറപ്പിച്ചു തമിഴ്നാട്

- Advertisement -

ഗംഗ ശ്രീദ്ധര്‍ രാജുവിന്റെ ബാറ്റിംഗ് മികവില്‍ ഗുജറാത്തിന്റെ 211 റണ്‍സ് വിജയലക്ഷ്യം മറികടന്ന് തമിഴ്നാട് വിജയ് ഹസാരെ ട്രോഫി സെമിയിലേക്ക്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനു 211 റണ്‍സ് മാത്രമേ നേടാനായുള്ളു. 49.4 ഓവറില്‍ അവര്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. റുജുല്‍ ഭട്ട് 83 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ഓപ്പണര്‍ സമിത് ഗോഹെല്‍ 39 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി. തമിഴ്നാടിനു വേണ്ടി വിജയ് ശങ്കര്‍ മൂന്ന് വിക്കറ്റും രാഹില്‍ ഷാ, രവിശ്രീനിവാസന്‍ സായി കിഷോര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. ബാബ അപരാജിത്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരായിരുന്നു മറ്റു വിക്കറ്റ് വേട്ടക്കാര്‍.

ഗംഗ ശ്രീദ്ധര്‍ രാജുവിന്റെ ബാറ്റിംഗ് മികവാണ് തമിഴ്നാടിനു വിജയമൊരുക്കിയത്. 85 റണ്‍സ് നേടിയ രാജു പുറത്താകുമ്പോള്‍ 31.1 ഓവറില്‍ 167 റണ്‍സാണ് തമിഴ്നാട് നേടിയത്. എന്നാല്‍ തുടരെ വിക്കറ്റുകള്‍ വീഴ്തി തമിഴ്നാടിനെ പ്രതിരോധത്തിലാക്കിയ ഗുജറാത്ത് ബൗളര്‍മാരെ സമര്‍ത്ഥമായി നേരിട്ട എം മുഹമ്മദും(35*) നായകന്‍ വിജയ് ശങ്കറും(11) ചേര്‍ന്ന് 42.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ തമിഴ്നാടിനു വിജയം സമ്മാനിച്ചു.

ഗുജറാത്തിനു വേണ്ടി ഈശ്വര്‍ ചൗധരി, രോഹിത് ദഹിയ, അക്സര്‍ പട്ടേല്‍, റുജുല്‍ ഭട്ട്, പ്രിയാങ്ക് പഞ്ചല്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

Advertisement