
ഹൈദ്രാബാദ് ഉയര്‍ത്തിയ 204 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ജാര്‍ഖണ്ഡിനു 21 റണ്‍സ് തോല്‍വി. സൗരഭ് തിവാരിയുടെ 102 റണ്‍സ് പ്രകടനം ജാര്‍ഖണ്ഡിനു പ്രതീക്ഷ നല്‍കിയെങ്കിലും മറ്റു താരങ്ങളില്‍ നിന്നു വേണ്ടത്ര പിന്തുണ ലഭിയ്ക്കാതെ വന്നതാണ് ടീമിനു തിരിച്ചടിയായത്. ഹൈദ്രാബാദിനു വേണ്ടി മെഹ്ദി ഹസന് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രവികിരണും ചാമ മിലിന്ദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടിയ ജാര്‍ഖണ്ഡ് നായകന് ധോണി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 30/2 എന്ന നിലയിലായ ഹൈദ്രാബാദിനെ കൊല്ല സുമന്ത്(48), ബാവങ്ക സന്ദീപ്(43) എന്നിവരുടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. 82 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. വാലറ്റക്കാരോടൊപ്പം 26 റണ്‍സ് നേടിയ ബാലചന്ദര്‍ അനിരുദ്ധിന്റെ ബാറ്റിംഗാണ് ടീം ടോട്ടല്‍ 200 കടക്കാന്‍ സഹായിച്ചത്. 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് ഹൈദ്രാബാദ് നേടിയത്.
ജാര്‍ഖണ്ഡിനു വേണ്ടി ശാഹ്ബാസ് നദീം പതിവുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചു. തന്റെ 9 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് നദീം സ്വന്തമാക്കിയത്.