ഫിറോസ് ഷാ കോട്‍ലയില്‍ റണ്‍മഴ, വിജയം ബംഗാളിനു

ലക്ഷ്യം 320. ഒരു പന്ത് ശേഷിക്കെ അത് സ്വന്തമാക്കി ബംഗാള്‍ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍. റണ്‍മഴ കണ്ട ടൂര്‍ണ്ണമെന്റിലെത്തന്നെ ആവേശകരമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര നേടിയ 319 റണ്‍സ് 49.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ബംഗാള്‍ മറികടന്നത്. ശക്തമായ ബാറ്റിംഗ് പ്രകടനമാണ് ഇരുടീമുകളും പുറത്തെടുത്തത്. ടോസ് നേടിയ മഹാരാഷ്ട്ര ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

രാഹുല്‍ ത്രിപാതിയുടെ(95) ഇന്നിംഗ്സാണ് മഹാരാഷ്ട്രയ്ക്ക് മികച്ച ടോട്ടല്‍ നല്‍കിയത്. മികച്ച പിന്തുണയുമായി മറ്റു ബാറ്റ്സ്മാന്മാരും ചേര്‍ന്നപ്പോള്‍ സ്കോര്‍ 300 കടന്നു. നിഖില്‍ നായിക്(63)നു പുറമേ ഋുതുരാജ് ഗായ്‍ക്വാഡ്(43) കേധാര്‍ ജാധവ്(44) എന്നിവരും കൂറ്റനിടകളുമായി ശ്രീകാന്ത് മുന്ധേ(20) ഷംസുശാമ കാസി(20) എന്നിവരുടെ പ്രകടനവും ചേര്‍ന്നപ്പോള്‍ 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ മഹാരാഷ്ട്ര 319 റണ്‍സ് നേടി. ബംഗാള്‍ ബൗളിംഗ് നിരയില്‍ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ ആര്‍ക്കും സാധിക്കാതെ വന്നപ്പോള്‍ സയാന്‍ ഘോഷ്, അമീര്‍ ഖാനി എന്നിവര്‍ രണ്ട് വിക്കറ്റും, പ്രഗ്യാന്‍ ഓജ ഒരു വിക്കറ്റും വീഴ്ത്തി.

ശ്രീവത്സ് ഗോസ്വാമിയാണ് ബംഗാളിന്റെ ചേസിംഗിനെ നയിച്ചത്, മധ്യനിരയുടെ മികച്ച പിന്തുണ അദ്ദേഹത്തിനു ലഭിയ്ക്കുകയും ചെയ്തു. നാലാം ഓവറില്‍ അഭിമന്യു ഈശ്വരനെ നഷ്ടമായെങ്കിലും 81 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് അഗ്നിവ് പാന്‍(47)നോടൊപ്പം ഗോസ്വാമി നേടിയത്. നായകന്‍ മനോജ് തിവാരിയോടൊപ്പം 56 റണ്‍സ് കൂട്ടുകെട്ട് നേടിയ ശ്രീവത്സ് പുറത്താകുമ്പോള്‍ 74 റണ്‍സ് നേടിയിട്ടുണ്ടായിരുന്നു. മനോജ് തിവാരി(40) പുറത്താകുമ്പോള്‍ ബംഗാളിന്റെ സ്കോര്‍ 187/4 എന്ന നിലയിലായിരുന്നു. 17 ഓവറുകളില്‍ 133 റണ്‍സ് വേണ്ടിയിരുന്ന ബംഗാളിനു 117 റണ്‍സ് കൂട്ടുമായി അനുസ്തുപ് മജൂംദാര്‍(66) സുദീപ് ചാറ്റര്‍ജ്ജി എന്നിവര്‍ ചേര്‍ന്ന് പ്രതീക്ഷ നിലനിര്‍ത്തുകയായിരുന്നു. അനുസ്തുപ് പുറ്റത്തായെങ്കിലും പുറത്താകാതെ 60 റണ്‍സ് നേടിയ സുദീപും അമീര്‍ ഖാനി(6*) എന്നിവര്‍ ചേര്‍ന്ന് വിജയം നേടിക്കൊടുക്കുകയായിരുന്നു.

ശ്രീകാന്ത് മുന്ധേ, ഷംസുഷാമ കാസി, കേധാര്‍ ജാധവ് എന്നിവര്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടി രണ്ടു വിക്കറ്റ് വീഴ്ത്തി.