സഞ്ചുവിന്റെ ഡബിൾ സെഞ്ചുറി മികവിൽ കേരളത്തിന് വമ്പൻ ജയം

വിജയ ഹസാരെയിൽ ഗോവയ്ക്കതിരെ കേരളത്തിന് വമ്പൻ ജയം. മഴ നിയമപ്രകാരം 104 റൺസിനാണ് കേരളം ഗോവയെ തോൽപ്പിച്ചത്. ഡബിൾ സെഞ്ചുറി നേടിയ സഞ്ചു സാംസണിന്റെ പ്രകടനവും സെഞ്ചുറി നേടിയ സച്ചിൻ ബേബിയുടെ പ്രകടനാവുമാണ് കേരളത്തിന് വമ്പൻ ജയം നേടിക്കൊടുത്തത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ 377 റൺസാണ് എടുത്തത്. 129 പന്തിൽ പുറത്താവാതെ 212 റൺസ് നേടിയ സഞ്ചുവിന്റെ പ്രകടനമാണ് കേരളത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. സഞ്ചുവിന് കൂട്ടായി 135 പന്തിൽ 127 റൺസ് എടുത്ത സച്ചിൻ ബേബിയുടെ പ്രകടനവും കേരളത്തിന് മികച്ച സ്കോർ കണ്ടെത്തുന്നതിന് സഹായിച്ചു. ഇരുവരും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 338 റൺസാണ് കൂട്ടിച്ചേർത്തത്.

തുടർന്ന് ഗോവയുടെ ബാറ്റിംഗ് മഴ തടസ്സപെടുത്തിയപ്പോൾ ഗോവ 3 വിക്കറ്റ് നഷ്ടത്തിൽ 153 റൺസാണ് എടുത്തത്. തുടർന്ന് മഴ നിയമം മൂലം കേരളം 104 റൺസിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.