നിഖിലേഷ് സുരേന്ദ്രന്‍ ഉള്‍പ്പെടെ എട്ട് പുതുച്ചേരി താരങ്ങളുടെ രജസിട്രേഷന്‍ റദ്ദാക്കി ബിസിസിഐ

യോഗ്യത മാനദണ്ഡങ്ങള്‍ തെറ്റായി കാണിച്ചുവെന്നാരോപിച്ച് പുതുച്ചേരിയുടെ എട്ട് താരങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി ബിസിസിഐ. വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തരാഖണ്ഡിനെ നേരിടാനൊരുങ്ങുന്ന ടീമിനു ഈ നീക്കം തിരിച്ചടിയായിട്ടുണ്ട്. എട്ട് താരങ്ങള്‍ക്ക് പകരം പുതിയ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് പുതുതായി ബിസിസിഐയില്‍ അംഗത്വം നേടിയ പുതുച്ചേരി ഇന്ന് മത്സരത്തിനിറങ്ങിയത്.

പുതുച്ചേരി അതിഥി താരങ്ങളായി കൊണ്ടുവന്ന താരങ്ങളുടെ എണ്ണം അധികമായിയെന്നാണ് പുറത്ത് വരുന്ന ഒരു കാരണം. ബിസിസിഐ ഇത് 3 ആക്കി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിലധികം താരങ്ങള്‍ പുതുച്ചേരിയ്ക്ക് വേണ്ടി കളിച്ചുവെന്നാണ് അറിയുന്നത്. മലയാളി താരം നിഖിലേഷ് സുരേന്ദ്രനും രജിസട്രേഷന്‍ റദ്ദാക്കപ്പെട്ട താരങ്ങളില്‍ ഉള്‍പ്പെടുന്നു എന്ന് അറിയുന്നു.

ഇത് കൂടാതെ താരങ്ങളുടെ വിദ്യാഭ്യാസ അല്ലെങ്കില്‍ തൊഴില്‍ രേഖകളും ഒരു മാസത്തില്‍ താഴെ മാത്രമുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഓഗസ്റ്റ് 2018 മുതല്‍ മാത്രം പുതുച്ചേരിയില്‍ താമസിക്കുന്നതോ പഠിക്കുന്നതോ ആയ താരങ്ങള്‍ക്ക് അവര്‍ക്കായി കളിക്കാനാകില്ലെന്ന നിയമം നിലനില്‍ക്കെയാണ് ഇത്.

വീണ്ടും അവസരത്തിനൊത്തുയര്‍ന്ന് കേരള ബൗളര്‍മാര്‍, ഇനി എല്ലാം ബാറ്റ്സ്മാന്മാരുടെ കൈയ്യില്‍

വീണ്ടുമൊരു മത്സരത്തില്‍ കൂടി കേരള ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ രണ്ടാം വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ ഒഡീഷയെ 117 റണ്‍സിനു ഓള്‍ഔട്ട് ആക്കി കേരളം. അക്ഷയ് ചന്ദ്രന്‍ നാലും ജലജ് സക്സേന മൂന്നും വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി എന്നിവര്‍ ഒരു വിക്കറ്റും നേടി ഒഡീഷയെ വരിഞ്ഞു കെട്ടുകയായിരുന്നു. സന്ദീപ് വാര്യര്‍ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ രാജേഷ് ദൂപറിനെയും രണ്ടാം ഓവറില്‍ അനുരാഗ് സാരംഗിയെ റണ്‍ഔട്ട് രൂപത്തിലും നഷ്ടമായ ഒഡീഷയെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് 50 റണ്‍സ് കടക്കുവാന്‍ സഹായിച്ചത്.

ഗോവിന്ദ് പോഡാര്‍(22)-ശുഭ്രാന്‍സു സേനാപതി(26) കൂട്ടുകെട്ട് 48 റണ്‍സ് നേടി ഒഡീഷയെ മുന്നോട്ട് നയിക്കുന്നതിനിടയില്‍ അക്ഷയ് ചന്ദ്രന്‍ ഓവറുകളുടെ വ്യത്യാസത്തില്‍ ഇരുവരെയും മടക്കിയയച്ചു. 10 റണ്‍സ് നേടിയ സുജിത് ലേങ്കയെ പുറത്താക്കി അക്ഷയ് ചന്ദ്രന്‍ തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ ബിപ്ലവ് സാമന്ത്രയേ ജലജ് സക്സേന പുറത്താക്കി.

78/6 എന്ന നിലയില്‍ ഏഴാം വിക്കറ്റില്‍ അഭിഷേക് റൗത്ത്-ദീപക് ബെഹ്റ സഖ്യം 19 റണ്‍സ് കൂടി നേടിയെങ്കില്‍ ദീപകിനെ പുറത്താക്കി അക്ഷയ് ചന്ദ്രന്‍ വീണ്ടും രംഗത്തെത്തി. ഏറെ വൈകാതെ അഭിഷേക് റൗത്തിനെയും(23) പപ്പു റോയിയെയും പുറത്താക്കി ജലജ് സക്സേന ഒഡീഷയുടെ സ്ഥിതി കൂടുതല്‍ മോശമാക്കി. അവസാന വിക്കറ്റുമായി ബേസില്‍ തമ്പിയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. 34.4 ഓവറിലാണ് ഒഡീഷ ഇന്നിംഗ്സ് അവസാനിച്ചത്.

മാന്ത്രിക സ്പെല്ലുമായി ഷഹ്ബാസ് നദീം, രാജസ്ഥാന്‍ തവിടുപൊടി

ഷഹ്ബാസ് നദീമിന്റെ മാന്ത്രിക സ്പെല്ലിനു മുന്നില്‍ തകര്‍ന്നടിഞ്ഞ് രാജസ്ഥാന്‍. വിജയ് ഹസാരെ ട്രോഫിയില്‍ രാജസ്ഥാനെതിരെ ജാര്‍ഖണ്ഡിനു വേണ്ടി മാന്ത്രിക പ്രകടനമാണ് ഈ സ്പിന്നര്‍ നടത്തിയത്. തന്റെ പത്തോവര്‍ സ്പെല്ലില്‍ വെറും 10 റണ്‍സ് മാത്രം വിട്ടു നല്‍കി ഷഹ്ബാസ് നദീം 8 വിക്കറ്റാണ് രാജ്സഥാനെതിരെ നേടിയത്.

4 മെയിഡനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 28.3 ഓവറില്‍ രാജസ്ഥാന്‍ 73 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 10 ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായ രാജസ്ഥാന്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 32 റണ്‍സ് നേടിയിരുന്നു. അതിനു ശേഷം തുടരെ തുടരെ വിക്കറ്റുകള്‍ വീണപ്പോള്‍ പിന്നീട് ടീമിനു കരകയറുവാന്‍ സാധിക്കാതെ പോകുകയായിരുന്നു. 20 റണ്‍സ് നേടിയ അങ്കിത് എസ് ലാംബ, 17 റണ്‍സ് നേടിയ എവി ഗൗതം, 15 റണ്‍സ് നേടിയ റോബിന്‍ ബിഷ്ട് എന്നിവര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ ഇരട്ട അക്കം കടന്നത്.

വെടിക്കെട്ട് ബാറ്റിംഗുമായി പൃഥ്വി ഷാ, മുംബൈയ്ക്ക് ആധികാരിക ജയം

ഇന്ത്യ അണ്ടര്‍ 19 താരം പൃഥ്വി ഷായുടെയും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെയും മികവില്‍ ജയം സ്വന്തമാക്കി മുംബൈ. ബറോഡയ്ക്കെതിരെ മികച്ച വിജയം നേടിയ മുംബൈ മത്സരത്തില്‍ 9 വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. ബറോഡയെ 238 റണ്‍സിനു പുറത്താക്കിയ ശേഷം ലക്ഷ്യം 41.3 ഓവറില്‍ മുംബൈ മറികടക്കുകയായിരുന്നു.

ധവാല്‍ കുല്‍ക്കര്‍ണ്ണി 4 വിക്കറ്റ് നേട്ടവുമായി ബറോഡയുടെ നടുവൊടിച്ചപ്പോള്‍ ടീം 49.5 ഓവറില്‍ ബറോഡ 238 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 85 റണ്‍സ് നേടിയ ക്രുണാല്‍ പാണ്ഡ്യയാണ് ടീമിന്റെ ടോപ് സ്കോറര്‍. യൂസഫ് പത്താന്‍ 40 റണ്‍സ് നേടി.

66 പന്തില്‍ നിന്ന് 98 റണ്‍സ് നേടിയ പൃഥ്വി ഷായുടെയും അജിങ്ക്യ രഹാനെ, ശ്രേയസ്സ് അയ്യര്‍ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളും ചേര്‍ന്നപ്പോള്‍ മുംബൈ 41.3 ഓവറില്‍ ജയം സ്വന്തമാക്കി. 12 ബൗണ്ടറിയും 5 സിക്സും നേടിയ ഷാ തന്റെ ശതകത്തിനു 2 റണ്‍സ് അകലെ വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

അജിങ്ക്യ രഹാനെ 79 റണ്‍സും ശ്രേയസ്സ് അയ്യര്‍ 56 റണ്‍സും നേടി പുറത്താകാതെ നിന്നു.

ശതകം നേടി ശുഭ്മന്‍ ഗില്‍, റണ്‍സുമായി യുവരാജ് സിംഗും, പഞ്ചാബിനു ജയം

ഹിമാച്ചല്‍ പ്രദേശിനെതിരെ 35 റണ്‍സ് ജയം നേടി പഞ്ചാബ്. യുവ താരം ശുഭ്മന്‍ ഗില്ലിനൊപ്പം യുവരാജ് സിംഗും മന്‍ദീപ് സിംഗും ഗുര്‍കീരത് സിംഗ് മന്നും നേടിയ റണ്‍സുകളുടെ ബലത്തില്‍ 290 റണ്‍സ് നേടിയ പഞ്ചാബ് എതിരാളികളെ 255 റണ്‍സിനു ഓള്‍ഔട്ട് ആക്കിയാണ് ഈ വിജയം നേടിയത്.

115 റണ്‍സ് നേടി ഗില്ലിനൊപ്പം യുവരാജ് 48 റണ്‍സും മന്‍ദീപ്(39), ഗുര്‍കീരത്(31) എന്നിവരും ചേര്‍ന്നപ്പോള്‍ പഞ്ചാബ് 50 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സ് നേടുകയായിരുന്നു. ഹിമാച്ചലിനു വേണ്ടി ഋഷി ധവാന്‍ മൂന്ന് വിക്കറ്റ് നേടി.

പ്രശാന്ത് ചോപ്ര(95), അന്‍കുഷ് ബൈന്‍സ്(56) എന്നിവരുടെ പോരാട്ട വീര്യത്തിനു പിന്തുണ നല്‍കുവാന്‍ മറ്റു താരങ്ങള്‍ക്ക് കഴിയാതെ പോയതാണ് ഹിമാച്ചലിനു തിരിച്ചടിയായത്. 48.3 ഓവറില്‍ ടീം 255 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. സിദ്ധാര്‍ത്ഥ് കൗള്‍ 4 വിക്കറ്റ് നേടി പഞ്ചാബ് ബൗളര്‍മാരില്‍ മികവ് തെളിയിച്ചപ്പോള്‍ ആര്‍ഷദീപ് സിംഗ് രണ്ടും മന്‍പ്രീത് ഗോണി, മയാംഗ് മാര്‍ക്കണ്ടേ, ഗുര്‍കീരത് സിംഗ് മന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മാവിയുടെ ഹാട്രിക്ക് വിഫലം, ഉത്തര്‍ പ്രദേശിനെതിരെ സൗരാഷ്ട്രയ്ക്ക് വിജയം

വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രയ്ക്കെതിരെയുള്ള മത്സരത്തില്‍ ഹാട്രിക്ക് നേട്ടം കൊയ്ത് ശിവം മാവി. ചിരാഗ് ജാനി, അര്‍പിത് വാസവഡ, ജയദേവ് ഉനഡ്കട് എന്നിവരെ പുറത്താക്കിയാണ് ഉത്തര്‍ പ്രദേശിനായി താരം ഈ നേട്ടം കൊയ്തത്. സൗരാഷ്ട്രം റോബിന്‍ ഉത്തപ്പയുടെയും(97) ഷെല്‍ഡണ്‍ ജാക്സണിന്റെയും(107) മികവില്‍ 303/9 എന്ന സ്കോര്‍ നേടിയപ്പോള്‍ 73 റണ്‍സ് വഴങ്ങിയ ശിവം മാവി ഹാട്രിക്ക് ഉള്‍പ്പെടെ 5 വിക്കറ്റ് സ്വന്തമാക്കി.

ഉത്തര്‍ പ്രദേശ് 278 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ സൗരാഷ്ട്ര 25 റണ്‍സിന്റെ വിജയം മത്സരത്തില്‍ സ്വന്തമാക്കി. ഉത്തര്‍ പ്രദേശ് നായകന്‍ സുരേഷ് റെയ്‍നയ്ക്ക് 22 റണ്‍സ് മാത്രമേ നേടാനായുള്ളു. ആകാഷ്ദീപ് നാഥ് 62 റണ്‍സുമായി ടോപ് സ്കോറര്‍ ആയി.

ആന്ധ്രയോട് പരാജയപ്പെട്ട് കേരളം, കൈവിട്ടത് നാല് വിലയേറിയ പോയിന്റുകള്‍

കേരളത്തിന്റെ ബൗളര്‍മാര്‍ ഒരുക്കി നല്‍കിയ മേല്‍ക്കൈ കൈവിട്ട് കേരള ബാറ്റ്സ്മാന്മാര്‍. 190 റണ്‍സിനു ആന്ധ്രയെ പുറത്താക്കിയ ശേഷം ജയം തേടിയിറങ്ങിയ കേരളം 49.1 ഓവറില്‍ 183 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ 7 റണ്‍സിന്റെ ജയവും 4 വിലയേറിയ പോയിന്റും സ്വന്തമാക്കി ആന്ധ്ര തങ്ങളുടെ വിജയ് ഹസാരെ ട്രോഫിയുടെ തുടക്കം മികച്ചതാക്കി.

സച്ചിന്‍ ബേബി(57), ജലജ് സക്സേന(46), അരുണ്‍ കാര്‍ത്തിക്ക്(32) എന്നിവര്‍ തുടക്കത്തില്‍ മികച്ച് നിന്ന ശേഷമാണ് കേരളത്തിന്റെ തകര്‍ച്ച. ഒരു ഘട്ടത്തില്‍ 170/3 എന്ന നിലയിലായിരുന്ന കേരളം ജയത്തിനായി 21 റണ്‍സ് അകലെ വരെ എത്തിയ ശേഷം തകര്‍ന്നടിയുകയായിരുന്നു. കരണ്‍ ശര്‍മ്മ മൂന്ന് വിക്കറ്റ് നേടയിപ്പോള്‍ റിക്കി ഭുയി, അയ്യപ്പ ഭണ്ഡാരു എന്നിവര്‍ രണ്ടും ഷൊയ്ബ് മുഹമ്മദ് ഖാന്‍, ഹനുമ വിഹാരി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഒന്നാം വിക്കറ്റില്‍ 72 റണ്‍സുമായി കാര്‍ത്തിക്ക്-സക്സേന കൂട്ടുകെട്ട് കേരളത്തിനു മികച്ച തുടക്കമാണ് നല്‍കിയത്. സഞ്ജു സാംസണും(6) ജലജ് സക്സേനയും അടുത്തടുത്ത് പുറത്തായ ശേഷം കേരളം 90/3 എന്ന സ്ഥിതിയിലേക്ക് വീണ ശേഷം മികച്ച രീതിയില്‍ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ സച്ചിന്‍ ബേബിയും വിഎ ജഗദീഷും(28) ചേര്‍ന്ന് കേരളത്തെ തിരികെ മത്സരത്തിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു.

80 റണ്‍സ് കൂട്ടുകെട്ടുമായി ഇരുവരും കേരളത്തെ മികച്ച വിജയത്തിലേക്ക് നയിക്കുമെന്ന അവസ്ഥയിലാണ് കരണ്‍ ശര്‍മ്മ സച്ചിന്‍ ബേബിയെ പുറത്താക്കിയത്. രണ്ട് ഓവറുകള്‍ക്ക് ശേഷം വിഎ ജഗദീഷിനെയും പുറത്താക്കി കരണ്‍ തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ ആന്ധ്ര വിജയം മണത്ത് തുടക്കി. കേരളത്തിന്റെ വാലറ്റത്തിനു ഹൈദ്രബാദ് ബൗളര്‍മാര്‍ക്കെതിരെ പിടിച്ചു നില്‍ക്കാനാകാതെ പോയപ്പോള്‍ ടീം 183 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

ആന്ധ്രയെ 190 റണ്‍സിനു പുറത്താക്കി കേരളം

വിജയ് ഹസാരെ ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ മികച്ച തുടക്കവുമായി കേരളം. ഇന്ന് ആന്ധ്രയ്ക്കെതിരെ എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ കേരളം എതിരാളികളെ 19 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു. ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആന്ധ്ര ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 16 റണ്‍സിനിടെ 2 വിക്കറ്റ് നഷ്ടമായ ആന്ധ്ര പിന്നിട് മത്സരത്തില്‍ കരകയറാനാകാതെ ബുദ്ധിമുട്ടുകയായിരുന്നു.

79 റണ്‍സ് നേടിയ സുമന്ത് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ രവി തേജ 44 റണ്‍സ് നേടി. കേരളത്തിനായി മിഥുന്‍ മൂന്നും സച്ചിന്‍ ബേബി, അക്ഷയ് ചന്ദ്രന്‍, സന്ദീപ് വാര്യര്‍ എന്നിവര്‍ രണ്ട് വിക്കറ്റും ബേസില്‍ തമ്പി ഒരു വിക്കറ്റും വീഴ്ത്തി.

ഡല്‍ഹി നായകനായി ഗൗതം ഗംഭീര്‍

വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ഡല്‍ഹി. ടീമിനെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ നയിക്കും. എലൈറ്റ് ഗ്രൂപ്പ് ബിയില്‍ കേരളം, സൗരാഷ്ട്ര, ആന്ധ്ര പ്രദേശ്, ചത്തീസ്ഗഢ്, ഉത്തര്‍ പ്രദേശ്, മധ്യ പ്രദേശ്, ഒഡീഷ, ഹൈദ്രാബാദ് എന്നിവരോടൊപ്പമാണ് ഡല്‍ഹി സ്ഥിതി ചെയ്യുന്നത്.

ഒട്ടേറെ പ്രമുഖ താരങ്ങളടങ്ങിയ ശക്തമായ ടീമിനെയാണ് ഗൗതം ഗംഭീര്‍ നയിക്കുന്നത്. ഋഷഭ് പന്ത്, നിതീഷ് റാണ, പവന്‍ നേഗി തുടങ്ങിയവരും ടീമില്‍ ഉള്‍പ്പെടുന്നു.

ബറോഡയെ വിജയ് ഹസാരെയില്‍ നയിക്കുക ദീപക് ഹൂഡ

വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള ബറോഡ ടീമിനെ ദീപക് ഹൂഡ നയിക്കും. കഴിഞ്ഞ വര്‍ഷം ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയ ടീമിനു ആദ്യ റൗണ്ടില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 5 വിജയം നേടുവാന്‍ സാധിച്ചിരുന്നു. ഗോവ, റെയില്‍വേസ്, മഹാരാഷ്ട്ര, കര്‍ണ്ണാടക, ഹിമാച്ചല്‍ പ്രദേശ്, പഞ്ചാബ്, മുംബൈ, വിദര്‍ഭ എന്നീ ടീമുകള്‍ക്കൊപ്പം എലൈറ്റ് ഗ്രൂപ്പ് എയില്‍ ആണ് ബറോഡയും മത്സരിക്കാനിറങ്ങുന്നത്.

ക്രുണാല്‍ പാണ്ഡ്യ, യൂസഫ് പത്താന്‍ എന്നിവരാണ് ടീമിലെ മറ്റു പ്രമുഖ താരങ്ങള്‍.

റെയ്‍ന യുപി നായകന്‍

വിജയ് ഹസാരെ ട്രോഫിയില്‍ സുരേഷ് റെയ്‍ന ഉത്തര്‍ പ്രദേശിനെ നയിക്കും. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്തിയെങ്കിലും താരത്തിനു കാര്യമായ പ്രഭാവം മത്സരത്തില്‍ പുറത്തെടുക്കുവാന്‍ സാധിക്കാതെ പോയതിനാല്‍ ടീമില്‍ നിന്ന് പുറത്ത് പോകുകയായിരുന്നു. ഏഷ്യ കപ്പില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധയൂന്നി ലോകകപ്പ് സ്ക്വാഡില്‍ തന്റെ സാന്നിധ്യം ഉറപ്പാക്കുകയാണ് താരത്തിന്റെ ലക്ഷ്യം.

ഉത്തര്‍ പ്രദേശ് വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ടീമിന്റെ നായകനായി റെയ്‍നയെ പ്രഖ്യാപിക്കുകയായിരുന്നു. ഐപിഎല്‍ താരങ്ങളായ റിങ്കു സിംഗ്, അങ്കിത് രാജ്പുത് എന്നിവരും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് ഉത്തര്‍ പ്രദേശ് സ്ഥിതി ചെയ്യുന്നത്. ഡല്‍ഹി, ആന്ധ്ര പ്രദേശ്, ചത്തീസ്ഗഢ്, മധ്യ പ്രദേശ്, ഒഡീഷ, ഹൈദ്രാബാദ്, കേരള എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

രഹാനെ മുംബൈ നായകന്‍

2018-19 വിജയ് ഹസാരെ ട്രോഫിയില്‍ അജിങ്ക്യ രഹാനെ മുംബൈയെ നയിക്കും. മുംബൈ സെപ്റ്റംബര്‍ 19നു ബറോഡയ്ക്കെതിരെയാണ് തങ്ങളുടെ വിജയ് ഹസാരെ ട്രോഫി ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരത്തിനു ഇറങ്ങുക. ആദിത്യ താരെയില്‍ നിന്നാണ് രഹാനെ ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുക്കുന്നത്. ശ്രേയസ്സ് അയ്യരാണ് ടീമിന്റെ ഉപ-നായകന്‍. വിനായക് സാമന്തിനു ആണ് മുംബൈയുടെ പുതിയ പരിശീലകന്‍.

ആദ്യത്തെ നാല് മത്സരങ്ങള്‍ക്കായാണ് രഹാനെ ടീമിന്റെ നായകനാകുന്നത്. ഇന്ത്യ എയ്ക്കൊപ്പം മികച്ച പ്രകടനം നടത്തിയ പൃഥ്വി ഷായും ടീമിലംഗമാണ്.

മുംബൈ സ്ക്വാഡ്: അജിങ്ക്യ രഹാനെ, പൃഥ്വി ഷാ, ജയ് ബിസ്ട, സൂര്യകുമാര്‍ യാദവ്, സിദ്ധേഷ് ലാഡ്, ആദിത്യ താരെ, ഏക്നാഥ് കേര്‍കാര്‍, ശിവം ഡുബേ, ആകാശ് പാര്‍ക്കര്‍, ധവാല്‍ കുല്‍ക്കര്‍ണ്ണി, ഷംസ് മുലാനി, വിജയ് ഗോഹില്‍, തുഷാര്‍ ദേശ്പാണ്ഡേ, റോഷ്ടണ്‍ ഡയസ്

Exit mobile version