മഴ കളി മുടക്കി, മുംബൈ ഫൈനലിലേക്ക്

വിജയ് ഹസാരെ ട്രോഫി സെമി ഫൈനലില്‍ 60 റണ്‍സിന്റെ ജയം സ്വന്തമാക്കി മുംബൈ. ഹൈദ്രാബാദിനെതിരെ ചേസ് ചെയ്യുമ്പോള്‍ 25 ഓവറില്‍ 155/2 എന്ന നിലയില്‍ നില്‍ക്കെയാണ് മഴ വില്ലനായി എത്തുന്നത്. തുടര്‍ന്ന് മത്സരം നടക്കാതെ വന്നപ്പോള്‍ വി ജയദേവന്‍ രീതിയില്‍ മുംബൈയ്ക്ക് 60 റണ്‍സിന്റെ വിജയം സ്വന്തമായി. 44 പന്തില്‍ 61 റണ്‍സ് നേടിയ പൃഥ്വി ഷായും 55 റണ്‍സുമായി പുറത്താകാതെ നിന്ന ശ്രേയസ്സ് അയ്യരുമാണ് മുംബൈ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. 17 റണ്‍സ് നേടിയ രോഹിത് പുറത്തായപ്പോള്‍ 17 റണ്‍സുമായി അജിങ്ക്യ രഹാനെ അയ്യര്‍ക്ക് കൂട്ടായി മഴ തടസ്സം സൃഷ്ടിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദ്രാബാദിനു 50 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സാണ് നേടാനായത്. 121 റണ്‍സുമായി രോഹിത് റായുഡു പുറത്താകാതെ നിന്നുവെങ്കിലും മറ്റു താരങ്ങള്‍ക്കാര്‍ക്കും വേണ്ടത്ര പിന്തുണ രോഹിത്തിനു നല്‍കാനായില്ല. തുഷാര്‍ ദേശ്പാണ്ടേ 3 വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായി. റോയ്സ്റ്റണ്‍ ഡയസ് രണ്ടും ധവാല്‍ കുല്‍ക്കര്‍ണ്ണി, ശിവം ദുബേ, ഷംസ് മുലാനി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Previous articleലാലിഗയിൽ മെസ്സിക്ക് മികച്ച താരത്തിനുള്ള പുരസ്കാരം
Next articleസെക്കൻഡ് ഡിവിഷനിൽ കളിക്കാൻ അപേക്ഷ ഒക്ടോബർ 20വരെ നൽകാം