
വിജയ് ഹസാരെ ട്രോഫിയില്‍ വീണ്ടും കേരളത്തിനു പരാജയം. 245 റണ്‍സിനാണ് കേരളം ഉത്തര്‍പ്രദേശിനോട് പരാജയപ്പെട്ടത്. മറ്റൊരു മത്സരത്തില്‍ സൗരാഷ്ട്രയെ മറികടന്ന് ജാര്‍ഖണ്ഡിനു ജയം. ഉത്തര്‍പ്രദേശിനെതിരെ കേരളം ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 387 എന്ന കൂറ്റന്‍ സ്കോറാണ് ഉത്തര്‍പ്രദേശ് സ്കോര്‍ ചെയ്തത്. അക്ഷ്ദീപ് നാഥ്(143) നേടിയ ശതകത്തിനു പുറമേ ഏകലവ്യ ദ്വിവേദി(75), ശിവം ചൗധരി(63), സര്‍ഫ്രാസ് ഖാന്(45*) എന്നിവരാണ് ഉത്തര്‍പ്രദേശിന്റെ പ്രധാന സ്കോറര്‍മാര്‍. വിക്കറ്റുകള്‍ ലഭിച്ചില്ലെങ്കിലും കൃഷ്ണകുമാര്‍, ഇക്ബാല്‍ അബ്ദുള്ള എന്നിവര്‍ മാത്രമാണ് ബൗളിംഗ് ശരാശരിയില്‍ മികച്ച് നിന്നത്. വിനോദ് കുമാര്‍ രണ്ട് വിക്കറ്റും, സന്ദീപ് വാര്യര്‍, ജലജ് സക്സേന, രോഹന് പ്രേം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
പതിവു കാഴ്ചയാണ് കേരളത്തിന്റെ ചേസിംഗില്‍ കണ്ടത്. ബാറ്റ്സ്മാന്മാര്ക്കാര്ക്കും തന്നെ നിലയുറപ്പിക്കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ 32ാം ഓവറില്‍ 142 റണ്‍സിനു കേരളം ഓള്‍ഔട്ടായി. 32 റണ്‍സ് നേടിയ വിഷ്ണു വിനോദ് ആണ് ടോപ് സ്കോറര്‍. ജലജ് സക്സേന 29ഉം രോഹന് പ്രേം 28ഉം റണ്‍സ് നേടി. പിയുഷ് ചൗള ഉത്തര്‍പ്രദേശിനായി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശിവം ചൗധരി, സൗരഭ് കുമാര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
വിജയമൊരുക്കി ജാര്‍ഖണ്ഡ് ബൗളര്‍മാര്‍
ബാറ്റ്സ്മാന്മാര് പരാജയപ്പെട്ടപ്പോള്‍ അവസരത്തിനൊത്തുയര്‍ന്ന് ജാര്‍ഖണ്ഡ് ബൗളര്‍മാര്‍. സൗരാഷ്ട്രയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡിനു മോശം പ്രകടനമാണ് കാഴ്ചവയ്ക്കാനായത്. ഇഷാന് കിഷന്(53), ധോണി(23) എന്നിവര്‍ മാത്രമാണ് ജാര്‍ഖണ്ഡിനു വേണ്ടി മികച്ച രീതിയില്‍ ബാറ്റ് വീശിയത്. 27.3 ഓവറില്‍ 125 റണ്‍സിനു ജാര്‍ഖണ്ഡ് ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു. സൗരാഷ്ട്രയ്ക്ക് വേണ്ടി ശൗര്യ സനാന്ഡിയ അഞ്ച് വിക്കറ്റും കുശാംഗ് പട്ടേല്‍ നാല് വിക്കറ്റും വീഴ്ത്തി.
വരുണ്‍ ആരോണ്‍, രാഹുല്‍ ശുക്ല എന്നിവരുടെ നാല് വിക്കറ്റ് നേട്ടങ്ങളാണ് 41 റണ്‍സ് വിജയം സ്വന്തമാക്കാന്‍ ജാര്‍ഖണ്ഡിനെ സഹായിച്ചത്. ഷെല്‍ഡണ്‍ ജാക്സണ് 20 റണ്‍സുമായി സൗരാഷ്ട്രയുടെ ടോപ് സ്കോറര്‍ ആയി. ജസ്കരണ്‍ സിംഗും ജാര്‍ഖണ്ഡിനു വേണ്ടി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.