വിജയ് ഹസാരെയില്‍ കേരളത്തിനു അഞ്ചാം തോല്‍വി

- Advertisement -

ഡല്‍ഹിയോടും തോറ്റ് കേരളം വിജയ് ഹസാരെ ട്രോഫിയില്‍ തുടര്‍ച്ചയായ അഞ്ചാം പരാജയം ഏറ്റുവാങ്ങി. നാളെ നടക്കുന്ന ഹിമാച്ചല്‍ പ്രദേശുമായുള്ള അവസാന മത്സരത്തിലും പരാജയമാണ് ഫലമെങ്കില്‍ സമ്പൂര്‍ണ്ണ പരാജയമാവും 50 ഓവര്‍ ഘടനയുള്ള ടൂര്‍ണ്ണമെന്റില്‍ കേരളത്തിനു സ്വന്തമാകുന്നത്. ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടീമില്‍ ഒട്ടേറെ മാറ്റങ്ങളോടെയാണ് കേരളം ഇറങ്ങിയത്. രോഹന്‍ കുന്നുമ്മല്‍, ഡാരില്‍ സുന്ദര്‍ ഫെരാരിയോ എന്നിവര്‍ ടീമില്‍ ഇടം നേടി.

ഭേദപ്പെട്ട തുടക്കം നല്‍കാന്‍ ഓപ്പണിംഗ് ബാറ്റ്സ്മാന്മാര്‍ക്കായെങ്കിലും ഇരുവര്‍ക്കും വലിയ സ്കോര്‍ കണ്ടെത്താനാകാതെ പോയത് ടീമിനു തിരിച്ചടിയായി. രോഹന്‍(23), മുഹമ്മദ് അസ്ഹറുദ്ദീന്‍(28) പുറത്തായ ശേഷം മധ്യനിരയില്‍ സല്‍മാന്‍ നിസാറും(59), സഞ്ജു സാംസണും(41) മികച്ച രീതിയില്‍ ബാറ്റ് വീശിയെങ്കിലും നിസാറിനു വേഗത്തില്‍ സ്കോര്‍ ചെയ്യാനാകാതെ പോയത് കേരളത്തിനെ വലിയ സ്കോറിലേക്ക് കുതിക്കുന്നതിനു വിലങ്ങുതടിയായി. ഡാരില്‍ സുന്ദര്‍ ഫെരാരിയോ(26), വിനോദ് കുമാര്‍(22*), മോനിഷ് കാരപ്പറമ്പില്‍(18) എന്നിവരായിരുന്നു മറ്റു സ്കോറര്‍മാര്‍. ഡല്‍ഹിയ്ക്കായി നവ്ദീപ് സൈനി, പവന്‍ സുയാല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ഉന്മുക്ത് ചന്ദ് ആണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. മിലിന്ദ് കുമാര്‍(40), ഋഷഭ് പന്ത്(35) എന്നിവര്‍ക്ക് പുറമേ ശിഖര്‍ ധവാന്‍(26) ഗൗതം ഗംഭീര്‍(25) എന്നിവരും ചെറുതെങ്കിലും ഡല്‍ഹിയ്ക്കായി സ്കോര്‍ ചെയ്തു. 44.1 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി വിജയം സ്വന്തമാക്കിയത്. കേരളത്തിനായി സന്ദീപ് വാര്യറും, ഫാബിദ് അഹമ്മദും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ആതിഫ് ബിന്‍ അഷ്റഫും വിക്കറ്റ് പട്ടികയില്‍ ഇടം നേടി.

Advertisement