സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തി കേരളം

മഹാരാഷ്ട്രയ്ക്കെതിരെ ഒരു വിജയം, അത് മതിയായിരുന്നു കേരളത്തിനു ക്വാര്‍ട്ടറില്‍ കടക്കാന്‍. എന്നാല്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കേരളം തകര്‍ന്നടിഞ്ഞപ്പോള്‍ ക്വാര്‍ട്ടര്‍ സ്വപ്നങ്ങളും ഇല്ലാതാകുകയായിരുന്നു. ബംഗാളിനെതിരെ സമനിലയും ഹിമാച്ചലിനെതിരെ ഉറപ്പായും ജയിക്കാവുന്ന മത്സരം കൈവിട്ടതും കേരളത്തെ അവസാനം ഗ്രൂപ്പ് ബിയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ എന്ന സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി മാറുകയായിരുന്നു. 14 പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായി കേരളം അവസാനിച്ചപ്പോള്‍ 18 പോയിന്റുമായി മഹാരാഷ്ട്രയും 16 പോയിന്റുമായി ഡല്‍ഹിയും ക്വാര്‍ട്ടറിലേക്ക് കടന്നു.

ഇന്നലെ നടന്ന മത്സരം മഴ മൂലം 37 ഓവറായി ചുരുക്കുകയായിരുന്നു. ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര 273/8 എന്ന സ്കോര്‍ നേടുകയായിരുന്നു. 76 റണ്‍സുമായി നൗഷാദ് ഷെയ്ഖ് ടോപ് സ്കോറര്‍ ആയപ്പോള്‍ അങ്കിത് ഭാവനേ(43), ദിവ്യാംഗ് ഹിമഗാനേകര്‍(37) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍. കേരളത്തിനു വേണ്ടി സന്ദീപ് വാര്യറും അഭിഷേക് മോഹനും രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം അഭിഷേക് മോഹനെ ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കുകയായിരുന്നു. 8 പന്തില്‍ നിന്ന് 19 റണ്‍സ് നേടി അഭിഷേക് മികച്ച ബാറ്റിംഗ് തുടക്കം നല്‍കിയെങ്കിലും പിന്നീട് കേരളം തകരുകയായിരുന്നു. 46 റണ്‍സ് നേടിയ സഞ്ജു സാംസണ്‍ ആണ് ടോപ് സ്കോറര്‍.

29.2 ഓവറില്‍ കേരളം 175 റണ്‍സിനു ഓള്‍ഔട്ട് ആയി 98 റണ്‍സിന്റെ തോല്‍വി വഴങ്ങുകയായിരുന്നു. മഹാരാഷ്ട്രയ്ക്ക് വേണ്ടി ശ്രീകാന്ത് മാന്ഥു 5 വിക്കറ്റ് നേടി കേരള ബാറ്റിംഗ് ഓര്‍ഡറെ തകര്‍ത്തു വിട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial