ബംഗാളിനെ സമനിലയില്‍ കുടുക്കി കേരളം, മനോജ് തിവാരി പുറത്താകാതെ 73 റണ്‍സ്

വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ബംഗാള്‍ മത്സരം സമനിലയില്‍. ഇന്ന് കേരളം നേടിയ 235 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗാള്‍ 50 ഓവറില്‍ 235/8 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. അവസാന ഓവറില്‍ 6 റണ്‍സ് വേണ്ടിയിരുന്ന ബംഗാളിനു പക്ഷേ വിജയം ഉറപ്പിക്കാനായില്ല. 73 റണ്‍സ് നേടി മനോജ് തിവാരി പുറത്താകാതെ നിന്നു.

മനോജ് തിവാരിയ്ക്ക് പുറമേ ഋത്തിക് ചാറ്റര്‍ജ്ജി(35), ശ്രീവത്സ് ഗോസ്വാമി(26), സുമന്‍ ഗുപ്ത(23), അനുസ്തുപ മജൂംദാര്‍(24) എന്നിവരാണ് ടീമിന്റെ പ്രകടനത്തില്‍ നിര്‍ണ്ണായകമായ സംഭാവന നടത്തിയത്. 170/5 എന്ന നിലയില്‍ ആറാം വിക്കറ്റില്‍ മനോജ് തിവാരി-സുമന്‍ ഗുപ്ത കൂട്ടുകെട്ട് നേടിയ 47 റണ്‍സ് ബംഗാളിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും കൂട്ടുകെട്ട് തകര്‍ത്ത് കേരളം വീണ്ടും മത്സരത്തിലേക്ക് തിരികെ വരികയായിരുന്നു.

കേരളത്തിനായി അക്ഷയ് കെസി, സന്ദീപ് വാര്യര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അഭിഷേക് മോഹന്‍ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ജലജ് സക്സേനയുടെ ശതകത്തിന്റെ ബലത്തില്‍ കേരളം 235/6 എന്ന നിലയിലേക്ക് എത്തുകയായിരുന്നു. അവസാന ഓവറുകളിലെ പ്രകടനമാണ് ഈ സ്കോര്‍ നേടാന്‍ കേരളത്തെ സഹായിച്ചത്. തുടക്കത്തില്‍ കേരള ഇന്നിംഗ്സ് ഇഴഞ്ഞ് നീങ്ങുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമിക്കു-ഛേത്രി കൂട്ടുകെട്ട് അടിച്ചു കൂട്ടിയത് 5 ഐ എസ് എൽ ക്ലബുകളേക്കാൾ കൂടുതൽ ഗോളുകൾ
Next articleപെകൂസൺ കേരള ബ്ലാസ്റ്റേഴ്സ് റെക്കോർഡിന് തൊട്ടരികിൽ