ധോണിയുടെ ജാര്‍ഖണ്ഡിനെ മറികടന്ന് കര്‍ണ്ണാടക

- Advertisement -

വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണ്ണാടകയ്ക്ക് ജാര്‍ഖണ്ഡിനെതിരെ 5 റണ്‍സ് വിജയം. കര്‍ണ്ണാടകയുടെ 266 റണ്‍സ് ടോട്ടല്‍ പിന്തുടര്‍ന്ന ധോണിയുടെ ജാര്‍ഖണ്ഡിനു 5 റണ്‍സ് അകലെ മാത്രമേ എത്തുവാന്‍ സാധിച്ചുള്ളു. ആദ്യം ബാറ്റ് ചെയ്ത കര്‍ണ്ണാടക മനീഷ് പാണ്ഡേ(77), രവികുമാര്‍ സമര്‍ത്ഥ്(71) എന്നിവരുടെ ഇന്നിംഗ്സുകളുടെ പിന്‍ബലത്തില്‍ 266 റണ്‍സ് നേടുകയായിരുന്നു. 224/3 എന്ന നിലയില്‍ നിന്ന് 42 റണ്‍സ് ചേര്‍ക്കുന്നതിനിടയില്‍ കര്‍ണ്ണാടക ഓള്‍ഔട്ട് ആവുകയായിരുന്നു.

ജാര്‍ഖണ്ഡിനു വേണ്ടി രാഹുല്‍ ശുക്ല 4 വിക്കറ്റ് നേടിയപ്പോള്‍ വരുണ്‍ ആരോണ്‍, മോനു കുമാര്‍, അനന്ദ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

സൗരഭ് തിവാരിയുടെ അര്‍ദ്ധ ശതകവും(68), ധോണി(43), ഇഷാന്‍ കിഷന്‍(36) എന്നിവരുടെ ബാറ്റിംഗ് മികവും ജാര്‍ഖണ്ഡിനു ലക്ഷ്യത്തിലെത്താന്‍ മാത്രം പോരുന്നതായിരുന്നില്ല. അവസാന വിക്കറ്റില്‍ രാഹുല്‍ ശുക്ല-മോനു കുമാര്‍ കൂട്ടുകെട്ട് 28 റണ്‍സ് നേടിയെങ്കിലും 49.5 ഓവറില്‍ 5 റണ്‍സ് അകലെ വെച്ച് ജാര്‍ഖണ്ഡ് ഓള്‍ഔട്ട് ആവുകയായിരുന്നു. 10 പന്തില്‍ 17 റണ്‍സ് നേടിയ മോനു കുമാര്‍ പുറത്താകാതെ നില്‍ക്കുകയായിരുന്നു.

നാല് വിക്കറ്റ് നേടിയ കൃഷ്ണപ്പ ഗൗതം ആണ് കര്‍ണ്ണാടക ബൗളിംഗ് നിരയില്‍ തിളങ്ങിയത്. പ്രസീദ് കൃഷ്ണ, പ്രദീപ് എന്നിവര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.

Advertisement