സഞ്ജു തിളങ്ങി, കേരളത്തിനു നാലാം തോല്‍വി

- Advertisement -

വിജയ് ഹസാരെ ട്രോഫിയില്‍ തുടര്‍ച്ചയായ നാലാം തോല്‍വി ഏറ്റുവാങ്ങിയ കേരളം ഗ്രൂപ്പ് ബിയില്‍ അവസാന സ്ഥാനത്ത്. ഇന്ന് നടന്ന തമിഴ്നാടുമായുള്ള മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് നേടുകയായിരുന്നു. സഞ്ജു സാംസണ്‍ നേടി 84 റണ്‍സാണ് കേരള ഇന്നിംഗ്സിന്റെ മുഖ്യ ആകര്‍ഷണം. സഞ്ജുവിനെ കൂടാതെ സല്‍മാന്‍ നിസാര്‍ (49), സച്ചിന്‍ ബേബി(37) എന്നിവര്‍ മാത്രമാണ് തമിഴ്നാട് ബൗളര്‍മാര്‍ക്കെതിരെ ചെറുത്ത് നില്പ് പ്രകടിപ്പിച്ചത്. തമിഴ്നാടിനു വേണ്ടി രാഹില്‍ ഷാ, ആന്റണി ദാസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ തമിഴ്നാട് ദിനേശ് കാര്‍ത്തിക്-ബാബ അപരാജിത് കൂട്ടുകെട്ടിന്റെ ബാറ്റിംഗ് മികവില്‍ 6 വിക്കറ്റ് വിജയം സ്വന്തമാക്കുകയായിരുന്നു. 46/2 എന്ന നിലയില്‍ ക്രീസില്‍ എത്തിയ സഖ്യം 144 റണ്‍സ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. കാര്‍ത്തിക്(88), ബാബ അപരാജിത്(74) എന്നിവര്‍ അടുത്തടുത്ത് പുറത്തായെങ്കിലും വിജയ് ശങ്കര്‍(23*), ബാബ ഇന്ദ്രജിത്(10*) എന്നിവര്‍.ചേര്‍ന്ന് 39.1 ഓവറുകളില്‍ തമിഴ്നാടിനെ ലക്ഷ്യത്തിലെത്തിച്ചു.

കേരളത്തിനു വേണ്ടി സന്ദീപ് വാര്യര്‍ നാല് വിക്കറ്റ് നേടി.

Advertisement