ധോണിയുടെ ശതകത്തിലേറി ജാര്‍ഖണ്ഡ്, കേരളത്തിനു രണ്ടാം തോല്‍വി

മഹേന്ദ്ര സിംഗ് ധോണിയുടെ ശതകത്തിലേറി ജാര്‍ഖണ്ഡിനു വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച ജയം. ചത്തീസ്ഗഢിനെതിരെ 789 റണ്‍സ് വിജയം ആണ് ജാര്‍ഖണ്ഡ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 57/6 എന്ന നിലയില്‍ നിന്ന് ധോണിയുടെ 107 പന്ത് 129 റണ്‍സിന്റെ മികവില്‍ 243 റണ്‍സ് നേടുകയായിരുന്നു. 10 ബൗണ്ടറികളും 6 സിക്സറുകളുമടങ്ങിയ ധോണിയുടെ ഇന്നിംഗ്സിനു പുറമേ ഷാബാസ് നദീം(53), ആനന്ദ് സിംഗ്(32) എന്നിവരാണ് ജാര്‍ഖണ്ഡിനായി മികവ് പുലര്‍ത്തിയത്. ചത്തീസ്ഗഢിനു വേണ്ടി അഭ്യുദയ് കാന്ത് സിംഗ് നാല് വിക്കറ്റും, പങ്കജ് കുമാര്‍ റാവു 3 വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ചത്തീസ്ഗഢ് 165 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. വരുണ്‍ ആരോണ്‍, ഷാബാസ് നദീം എന്നിവര്‍ 3 വിക്കറ്റ് വീതം വീഴ്ത്തി.

മറ്റൊരു മത്സരത്തില്‍ കേരളത്തിനു തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് വിജയ് ഹസാരെ ട്രോഫിയില്‍ നേരിടേണ്ടി വന്നത്. 122 റണ്‍സിന്റെ തോല്‍വിയാണ് മഹാരാഷ്ട്രയ്ക്കെതിരെ കേരളം ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര 311 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഋുതുരാജ് ഗായ്ക്വാഡ്(79), കേധാര്‍ ജാധവ് 48 പന്തില്‍ നേടിയ 71 റണ്‍സ്, നൗഷാദ് ഷൈഖിന്റെ അര്‍ദ്ധ ശതകം(57) എന്നിവരുടെ മികവില്‍ മഹാരാഷ്ട്ര കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തുകയായിരുന്നു. ജലജ് സക്സേന 4 വിക്കറ്റ വീഴ്ത്തി കേരള ബൗളര്‍മാരില്‍ മികച്ചു നിന്നു.

ഏഴാം വിക്കറ്റില്‍ ഇക്ബാല്‍ അബ്ദുള്ള(60), മുഹമ്മദ് അസ്ഹറുദ്ദീന്‍(50) എന്നിവര്‍ നേടിയ 109 റണ്‍സ് ചെറുത്ത് നില്പ് മാത്രമാണ് കേരളത്തിനു മത്സരത്തില്‍ എടുത്തു പറയുവാന്‍ മാത്രമുള്ള നേട്ടം. 39.5 ഓവറില്‍ 189 റണ്‍സിനു കേരളം പുറത്താകുകയായിരുന്നു. മഹാരാഷ്ട്രയ്ക്ക് വേണ്ടി പ്രദീപ് ദാദേ നാല് വിക്കറ്റും ഷംസുശുസമ കാസി മൂന്ന് വിക്കറ്റും വീഴ്ത്തി. ജഗദീഷ് സോപേ രണ്ട് വിക്കറ്റ് നേടി.