ക്വാര്‍ട്ടറുറപ്പാക്കി ജാര്‍ഖണ്ഡ്

- Advertisement -

നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ധോണിയുടെ രാശി, അത് മാത്രമാകണം ജാര്‍ഖണ്ഡിനെ വിജയ് ഹസാരെയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിച്ചത്. വിജയ് ഹസാരെ ട്രോഫിയുടെ ഗ്രൂപ്പ് ഘട്ടം അവസാന ദിവസത്തെക്ക് കടക്കുമ്പോള്‍ ജാര്‍ഖണ്ഡിനു ആരും തന്നെ പ്രതീക്ഷ കല്‍പ്പിച്ചിരുന്നില്ല. ദുര്‍ബലരായ ജമ്മു ആന്‍ഡ് കാശ്മീരാണ് എതിരാളികളെങ്കിലും ഹൈദ്രബാദ് നിലവില്‍ 16 പോയിന്റുകളുമായി ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ജാര്‍ഖണ്ഡിനു വെറും 12 പോയിന്റും.

എന്നാല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലെ ഫലം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ഗ്രൂപ്പ് ചാമ്പ്യന്മാരായ കര്‍ണ്ണാടകയോടു മാത്രം തോല്‍വി ഏറ്റുവാങ്ങിയ ഹൈദ്രാബാദ് സര്‍വീസസ്സിനെതിരെ വെറും 88 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 5 വിക്കറ്റ് നഷ്ടത്തില്‍ സര്‍വീസസ്സ് മത്സരം വിജയിച്ചപ്പോള്‍ ജാര്‍ഖണ്ഡിനുള്ള വാതില്‍ തുറക്കുകയായിരുന്നു.

ജമ്മുവിനെതിരെ ടോസ് നേടിയ ജാര്‍ഖണ്ഡ് നായകന്‍ ധോണി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കണിശതയോടെ പന്തെറിഞ്ഞ ഷാബാസ് നദീം 5 വിക്കറ്റുകള്‍ നേടിയപ്പോള്‍ ജമ്മു ആന്‍ഡ് കാശ്മീര്‍ ഇന്നിംഗ്സ് 43 ഓവറില്‍ 184നു അവസാനിച്ചു. ഒവൈസ് അമിന്‍ ഷാ(59), നായകന്‍ പര്‍വേസ് റസൂല്‍(45) എന്നിവര്‍ക്കു പുറമേ മാണിക് ഗുപ്ത(26) ആയിരുന്നു മറ്റു പ്രധാന സ്കോറര്‍.

35ാം ഓവറില്‍ വിജയം സ്വന്തമാക്കുക വഴി ജാര്‍ഖണ്ഡ് പോയിന്റ് നിലയില്‍ ഹൈദ്രാബാദിനോടൊപ്പം എത്തി മികച്ച റണ്‍ റേറ്റിന്റെ ആനുകൂല്യത്തില്‍ ക്വാര്‍ട്ടറില്‍ കടക്കുകയായിരുന്നു. 4 വിക്കറ്റ് നഷ്ടപ്പെട്ട ജാര്‍ഖണ്ഡിനായി കുമാര്‍ ദിയോബ്രത(78), ശാസീം സഞ്ജയ് റാവുത്തര്‍(36), സൗരഭ് തിവാരി(30) എന്നിവരാണ് മികവ് പുലര്‍ത്തിയത്. നായകന്‍ ധോണി പുറത്താകാതെ 19 റണ്‍സ് നേടി.

Advertisement