കേരളത്തിന്റെ അപരാജിത കുതിപ്പിന് തടയിട്ട് ദേവ്ദത്ത് പടിക്കലും സംഘവും

കേരളം നല്‍കിയ 277 എന്ന സ്കോര്‍ മറികടന്ന് കര്‍ണ്ണാടക. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ ആദ്യത്തെ പരാജയമാണ് ഇത്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത കേരളം വത്സല്‍ ഗോവിന്ദ്, സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 8 വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് നേടിയത്.

കര്‍ണ്ണാടക ബാറ്റ്സ്മാന്മാര്‍ക്ക് പ്രശ്നം സൃഷ്ടിക്കുവാന്‍ കേരളത്തിന് സാധിക്കാതെ പോയപ്പോള്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 45.3 ഓവറില്‍ നിന്നാണ് കര്‍ണ്ണാടക വിജയം ഉറപ്പാക്കിയത്. ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രവികുമാര്‍ സമര്‍ത്ഥും(62) ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് 99 റണ്‍സാണ് 18.2 ഓവറില്‍ നേടിയത്.

സമര്‍ത്ഥിനെ ജലജ് സക്സേന പുറത്താക്കിയെങ്കിലും പടക്കിലിനൊപ്പം കൃഷ്ണമൂര്‍ത്തി സിദ്ധാര്‍ത്ഥ് ക്രീസിലെത്തിയതോടെ കര്‍ണ്ണാടക മത്സരത്തില്‍ പിടിമുറുക്കി. രണ്ടാം വിക്കറ്റില്‍ 180 റണ്‍സാണ് ഇരുവരും നേടിയത്. ദേവ്ദത്ത് 126 റണ്‍സും സിദ്ധാര്‍ത്ഥ് 86 റണ്‍സും നേടി.

279 റണ്‍സ് നേടിയാണ് കര്‍ണ്ണാടക തങ്ങളുടെ 9 വിക്കറ്റ് വിജയം കരസ്ഥമാക്കിയത്.