
ത്രിപുരയ്ക്കെതിരെ 70 റണ്‍സ് ജയം സ്വന്തമാക്കി ഡല്‍ഹി വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ ജയം സ്വന്തമാക്കി. ഗ്രൂപ്പ് ബിയില്‍ ഇതുവരെ അവസാന സ്ഥാനത്തായിരുന്ന ഡല്‍ഹി ഇന്നത്തെ വിജയത്തോടു കൂടി ഒരു സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പില്‍ കേരളമാണ് ഇപ്പോള്‍ അവസാന സ്ഥാനത്ത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഋഷഭ് പന്ത്(99), മിലിന്ദ് കുമാര്‍(72) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 365/5 എന്ന നിലയിലാണ് തങ്ങളുടെ 50 ഓവറുകള്‍ അവസാനിപ്പിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ത്രിപുരയ്ക്കായി യഷ്പാല്‍ സിംഗ് പുറത്താകാതെ 115 റണ്‍സ് നേടിയെങ്കിലും ലക്ഷ്യത്തിനു 70 റണ്‍സ് അകലെ മാത്രമേ എത്തുവാന്‍ സാധിച്ചുള്ളു. 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ത്രിപുര 286 റണ്‍സ് സ്കോര്‍ ചെയ്തത്. ബിഷാല്‍ ഘോഷ്(59), സ്മിത് പട്ടേല്‍(47) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഡല്‍ഹിയ്ക്കായി സുഭോദ് ഭട്ടി മൂന്ന് വിക്കറ്റും കുല്‍വന്ത് 2 വിക്കറ്റും വീഴ്ത്തി.