അനായാസം ബറോഡ സെമിയിൽ

- Advertisement -

കർണാടകയെ 7 വിക്കറ്റിന് തകർത്ത്  ബറോഡ വിജയ് ഹസാരെ ട്രോഫി സെമി ഫൈനലിൽ കടന്നു.  ടോസ് നേടി കർണാടകയെ ബാറ്റിങ്ങിന് അയച്ച ബറോഡ അവരെ 233 റൺസിന്‌ എല്ലാവരെയും പുറത്താക്കി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബറോഡ 3 വിക്കറ്റ് നഷ്ട്ടത്തിൽ അനായാസം ലക്‌ഷ്യം കണ്ടു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ കർണാടകക്കു ഓപ്പൻമാരായ ഉത്തപ്പയും മായങ്ക് അഗർവാളും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. 64 റൺസാണ് ഇരുവരും ആദ്യ വിക്കറ്റിൽ നേടിയത്. തുടരെ മൂന്ന് വിക്കറ്റ് വീണു 3 – 83 എന്ന നിലയിലായായെങ്കിലും 4ആം വിക്കറ്റിൽ  രവികുമാർ സമർത്തും പവൻ ദേശ്പാണ്ഡേയും മികച്ച കൂട്ടുകെട്ട് ഉയർത്തി കർണാടകയുടെ സ്കോറിന് മികച്ച സംഭാവന നൽകി. 87 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് ഉണ്ടാക്കിയത്.  രവികുമാർ സമർത്ത് 44 റൺസും പവൻ ദേശ്പാണ്ഡെ 54 റൺസും നേടി. കർണാടകക്ക് വേണ്ടി വാലറ്റ നിരയിൽ ആർക്കും കാര്യമായ സംഭാവന നൽകാനായില്ല.  ബറോഡാക്ക് വേണ്ടി ക്രുണാൽ പാണ്ട്യ 6 ഓവറിൽ 32 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി. 48.5  ഓവറിൽ 233 റൺസിന്‌ കർണാടക ഓൾ ഔട്ട് ആയി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബറോഡക്കു അവരുടെ ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ തന്നെ കേദാർ ദേവദാറും ആദിത്യ വാഗ്മോഡും ചേർന്ന് 64 റൺസ് കൂട്ടി ചേർത്തു.  മികച്ച അടിത്തറ കിട്ടിയ ബറോഡ രണ്ടാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി മത്സരം കർണാടകയിൽ നിന്ന് പിടിച്ചെടുത്തു.  രണ്ടാം വിക്കറ്റിൽ കേദാർ ദേവദാറും ക്രുണാൽ പാണ്ട്യയും ചേർന്ന് 92 റൺസിന്റെ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി. കേദാർ ദേവദാർ 98 പന്തിൽ 78 റൺസ് എടുത്തപ്പോൾ ക്രുണാൽ പാണ്ട്യ 79 പന്തിൽ 70 റൺസ് എടുത്തു ബറോഡ ഇന്നിങ്‌സിന് കരുത്തു പകർന്നു. ദീപക് ഹൂഡയും യുസുഫു പത്താനും കൂടുതൽ നഷ്ട്ടങ്ങളില്ലാതെ ബറോഡയെ  45.5  ഓവറിൽ വിജയത്തിലെത്തിച്ചു.  കർണാടകക്കു വേണ്ടി ശ്രീനാഥ് അരവിന്ദ് 2 വിക്കറ്റ് നേടി.

Advertisement